സദൃശവാക്യങ്ങൾ 1 (Proverbs 1)

Malayalam Bible — Malayalam (മലയാളം)

1 യിസ്രായേൽരാജാവായി ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങള്‍.

2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

3 പരിജ്ഞാനം, നീതി, ന്യായം, നേര്‍ എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും

4 അല്പബുദ്ധികള്‍ക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും

5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും

6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

7 യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

8 മകനേ, അപ്പന്‍റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്;

9 അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും നിന്‍റെ കഴുത്തിന് സരപ്പളിയും ആയിരിക്കും.

10 മകനേ, പാപികള്‍ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്.

11 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നിര്‍ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.

12 പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വാംഗമായും വിഴുങ്ങിക്കളക.

13 നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം.

14 നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവര്‍ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര്‍ പറഞ്ഞാൽ,

15 മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.

16 അവരുടെ കാൽ ദോഷം ചെയ്‍വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.

17 പക്ഷി കാണ്‍കെ വലവിരിക്കുന്നത് വ്യര്‍ഥമല്ലോ.

18 അവര്‍ സ്വന്തരക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

19 ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.

20 ജ്ഞാനമായവള്‍ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്ത് സ്വരം കേള്‍പ്പിക്കുന്നു.

21 അവള്‍ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:

22 ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം?

23 എന്‍റെ ശാസനയ്ക്കു തിരിഞ്ഞുകൊള്‍വിന്‍; ഞാന്‍ എന്‍റെ മനസ്സ് നിങ്ങള്‍ക്കു പൊഴിച്ചുതരും; എന്‍റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.

24 ഞാന്‍ വിളിച്ചിട്ട് നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും

25 നിങ്ങള്‍ എന്‍റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട്

26 ഞാനും നിങ്ങളുടെ അനര്‍ഥദിവസത്തിൽ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.

27 നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നെ.

28 അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

29 അവര്‍ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

30 അവര്‍ എന്‍റെ ആലോചന അനുസരിക്കാതെ എന്‍റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട്

31 അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.

32 ബുദ്ധിഹീനരുടെ പിന്‍മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

33 എന്‍റെ വാക്ക് കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.

  • Psalms 150 — previous chapter
  • Proverbs 2 — next chapter
  • Proverbs 1 — English (KJV)
  • Proverbs 1 — English (WEB)
  • Proverbs 1 — Tamil (தமிழ்)
  • Proverbs 1 — Hindi (हिंदी)
  • Proverbs 1 — Kannada (ಕನ್ನಡ)