സംഖ്യ 8 (Numbers 8)

Malayalam Bible — Malayalam (മലയാളം)

1 യഹോവ മോശെയോട് അരുളിച്ചെയ്തത്:

2 ദീപം കൊളുത്തുമ്പോള്‍ ദീപം ഏഴും നിലവിളക്കിന്‍റെ മുന്‍വശത്തോട്ടു വെളിച്ചം കൊടുക്കേണം എന്ന് അഹരോനോടു പറക.

3 അഹരോന്‍ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ അവന്‍ നിലവിളക്കിന്‍റെ ദീപം മുന്‍വശത്തേക്കു തിരിച്ചു കൊളുത്തി.

4 നിലവിളക്കിന്‍റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്‍റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവന്‍ നിലവിളക്ക് ഉണ്ടാക്കി.

5 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:

6 ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തു ശുചീകരിക്ക.

7 അവരെ ശുചീകരിക്കേണ്ടതിന് ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെമേൽ തളിക്കേണം; അവര്‍ സര്‍വാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നെ ശുചീകരിക്കേണം.

8 അതിന്‍റെശേഷം അവര്‍ ഒരു കാളക്കിടാവിനെയും അതിന്‍റെ ഭോജനയാഗമായി എണ്ണ ചേര്‍ത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിനായി നീ വേറേ ഒരു കാളക്കിടാവിനെയും എടുക്കേണം.

9 ലേവ്യരെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.

10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിര്‍ത്തേണം; യിസ്രായേൽമക്കള്‍ ലേവ്യരുടെമേൽ കൈ വയ്ക്കേണം.

11 യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോന്‍ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണം.

12 ലേവ്യര്‍ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം.

13 നീ ലേവ്യരെ അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പാകെ നിര്‍ത്തി യഹോവയ്ക്കു നീരാജനയാഗമായി അര്‍പ്പിക്കേണം.

14 ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേര്‍തിരിക്കയും ലേവ്യര്‍ എനിക്കുള്ളവരായിരിക്കയും വേണം.

15 അതിന്‍റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിനു ലേവ്യര്‍ക്ക് അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണം.

16 അവര്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്കു സാക്ഷാൽ ദാനമായുള്ളവര്‍; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കു പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.

17 മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കള്‍ക്കുള്ള കടിഞ്ഞൂലൊക്കെയും എനിക്കുള്ളത്; ഞാന്‍ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെയൊക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.

18 എന്നാൽ യിസ്രായേൽ മക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ഞാന്‍ ലേവ്യരെ എടുത്തിരിക്കുന്നു.

19 യിസ്രായേൽമക്കള്‍ വിശുദ്ധമന്ദിരത്തിന് അടുത്തു വരുമ്പോള്‍ അവരുടെ ഇടയിൽ ബാധ ഉണ്ടാകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാര്‍ക്കും ദാനം ചെയ്തുമിരിക്കുന്നു.

20 അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യര്‍ക്കു ചെയ്തു; അങ്ങനെതന്നെ യിസ്രായേൽമക്കള്‍ അവര്‍ക്കു ചെയ്തു.

21 ലേവ്യര്‍ തങ്ങള്‍ക്കുതന്നെ പാപശുദ്ധി വരുത്തി വസ്ത്രം അലക്കി; അഹരോന്‍ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അര്‍പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന് അഹരോന്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.

22 അതിന്‍റെശേഷം ലേവ്യര്‍ അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേല ചെയ്‍വാന്‍ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെതന്നെ അവര്‍ അവര്‍ക്കു ചെയ്തു.

23 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

24 ലേവ്യര്‍ക്കുള്ള പ്രമാണം ആവിത്: ഇരുപത്തഞ്ചു വയസ്സുമുതൽ അവര്‍ സമാഗമനകൂടാരത്തിലെ വേല ചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.

25 അമ്പതു വയസ്സുമുതലോ അവര്‍ വേല ചെയ്യുന്ന സേവയിൽനിന്ന് ഒഴിയേണം;

26 പിന്നെ സേവിക്കേണ്ടാ; എങ്കിലും സമാഗമനകൂടാരത്തിലെ കാര്യം നോക്കുന്നതിൽ അവര്‍ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്‍ക്കു ചെയ്യേണം.

  • Numbers 7 — previous chapter
  • Numbers 9 — next chapter
  • Numbers 8 — English (KJV)
  • Numbers 8 — English (WEB)
  • Numbers 8 — Tamil (தமிழ்)
  • Numbers 8 — Hindi (हिंदी)
  • Numbers 8 — Kannada (ಕನ್ನಡ)