സംഖ്യ 30 (Numbers 30)

Malayalam Bible — Malayalam (മലയാളം)

1 മോശെ യിസ്രായേൽമക്കളുടെ ഗോത്ര പ്രധാനികളോടു പറഞ്ഞത്: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ:

2 ആരെങ്കിലും യഹോവയ്ക്ക് ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജനവ്രതം ദീക്ഷിപ്പാന്‍ ശപഥം ചെയ്കയോ ചെയ്താൽ അവന്‍ വാക്കിനു ഭംഗം വരുത്താതെ തന്‍റെ വായിൽനിന്നു പുറപ്പെട്ടതുപോലെയൊക്കെയും നിവര്‍ത്തിക്കേണം.

3 ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്‍റെ വീട്ടിൽ ഇരിക്കുമ്പോള്‍ യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്ന്

4 ഒരു പരിവര്‍ജനവ്രതം നിശ്ചയിക്കയും അവളുടെ അപ്പന്‍ അവളുടെ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.

5 എന്നാൽ അവളുടെ അപ്പന്‍ അവളുടെ എല്ലാ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതത്തെയും കുറിച്ചു കേള്‍ക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന്‍ അവളോടു വിലക്കുകകൊണ്ട് യഹോവ അവളോടു ക്ഷമിക്കും.

6 അവള്‍ക്ക് ഒരു നേര്‍ച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജനവ്രതമോ ഉള്ളപ്പോള്‍

7 അവള്‍ ഒരുത്തനു ഭാര്യയാകയും ഭര്‍ത്താവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതവും സ്ഥിരമായിരിക്കും.

8 എന്നാൽ ഭര്‍ത്താവ് അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേര്‍ച്ചയും അവള്‍ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജനവ്രതവും അവന്‍ ദുര്‍ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.

9 വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേര്‍ച്ചയും പരിവര്‍ജനവ്രതവും എല്ലാം അവളുടെമേൽ സ്ഥിരമായിരിക്കും.

10 അവള്‍ ഭര്‍ത്താവിന്‍റെ വീട്ടിൽ വച്ചു നേരുകയോ ഒരു പരിവര്‍ജനശപഥം ചെയ്കയോ ചെയ്തിട്ടു

11 ഭര്‍ത്താവ് അതിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേര്‍ച്ചകളൊക്കെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.

12 എന്നാൽ ഭര്‍ത്താവ് കേട്ട നാളിൽ അവയെ ദുര്‍ബലപ്പെടുത്തി എങ്കിൽ നേര്‍ച്ചകളോ പരിവര്‍ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവ് അതിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.

13 ആത്മതപനം ചെയ്‍വാനുള്ള ഏതു നേര്‍ച്ചയും പരിവര്‍ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുര്‍ബലപ്പെടുത്തുവാനോ ഭര്‍ത്താവിന് അധികാരം ഉണ്ട്.

14 എന്നാൽ ഭര്‍ത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവന്‍ അവളുടെ എല്ലാ നേര്‍ച്ചയും അവള്‍ നിശ്ചയിച്ച സകല പരിവര്‍ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ട് അവന്‍ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

15 എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുര്‍ബലപ്പെടുത്തിയാൽ അവന്‍ അവളുടെ കുറ്റം വഹിക്കും.

16 ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്‍റെ വീട്ടിൽ കന്യകയായി പാര്‍ക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങള്‍ ഇവതന്നെ.

  • Numbers 29 — previous chapter
  • Numbers 31 — next chapter
  • Numbers 30 — English (KJV)
  • Numbers 30 — English (WEB)
  • Numbers 30 — Tamil (தமிழ்)
  • Numbers 30 — Hindi (हिंदी)
  • Numbers 30 — Kannada (ಕನ್ನಡ)