ലേവ്യർ 13 (Leviticus 13)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:

2 ഒരു മനുഷ്യന്‍റെ ത്വക്കിന്മേൽ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്‍റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരിൽ ഒരുത്തന്‍റെ അടുക്കലോ കൊണ്ടുവരേണം.

3 പുരോഹിതന്‍ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.

4 അവന്‍റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.

5 ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം; വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതന്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.

6 ഏഴാം ദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

7 അവന്‍ ശുദ്ധീകരണത്തിനായി തന്നെത്താന്‍ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവന്‍ പിന്നെയും തന്നെത്താന്‍ പുരോഹിതനെ കാണിക്കേണം.

8 ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതന്‍ കണ്ടാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നെ.

9 കുഷ്ഠത്തിന്‍റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.

10 പുരോഹിതന്‍ അവനെ നോക്കേണം: ത്വക്കിന്മേൽ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പിൽ പച്ചമാംസത്തിന്‍റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ

11 അത് അവന്‍റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം; അവന്‍ അശുദ്ധനാകകൊണ്ട് അവനെ അകത്താക്കി അടയ്ക്കരുത്.

12 കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതന്‍ നോക്കേണം;

13 കുഷ്ഠം അവന്‍റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായിത്തീര്‍ന്ന്; അവന്‍ ശുദ്ധിയുള്ളവന്‍ ആകുന്നു.

14 എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവന്‍ അശുദ്ധന്‍.

15 പുരോഹിതന്‍ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠംതന്നെ.

16 എന്നാൽ പച്ചമാംസം മാറി വെള്ളയായിത്തീര്‍ന്നാൽ അവന്‍ പുരോഹിതന്‍റെ അടുക്കൽ വരേണം.

17 പുരോഹിതന്‍ അവനെ നോക്കേണം; വടു വെള്ളയായിത്തീര്‍ന്നു എങ്കിൽ പുരോഹിതന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ ശുദ്ധിയുള്ളവന്‍ തന്നെ.

18 ദേഹത്തിന്‍റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് സൗഖ്യമായശേഷം

19 പരുവിന്‍റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.

20 പുരോഹിതന്‍ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്ന് ഉണ്ടായ കുഷ്ഠരോഗം.

21 എന്നാൽ പുരോഹിതന്‍ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.

22 അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ.

23 എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നുവെങ്കിൽ അതു പരുവിന്‍റെ വടു അത്രേ. പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

24 അല്ലെങ്കിൽ ദേഹത്തിന്‍റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്‍റെ വടു ചുവപ്പോടു കൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീര്‍ന്നാൽ

25 പുരോഹിതന്‍ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായിത്തീര്‍ന്നു ത്വക്കിനെക്കാള്‍ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ.

26 എന്നാൽ പുരോഹിതന്‍ അതു നോക്കിയിട്ട് പുള്ളിയിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.

27 ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ.

28 എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽതന്നെ നില്ക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്‍റെ തിണര്‍പ്പ് ആകുന്നു; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്‍റെ തിണര്‍പ്പത്രേ.

29 ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതന്‍ വടു നോക്കേണം:

30 അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതിൽ പൊന്‍നിറമായ നേര്‍മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠംതന്നെ.

31 പുരോഹിതന്‍ പുറ്റിന്‍റെ വടുവിനെ നോക്കുമ്പോള്‍ അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതന്‍ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.

32 ഏഴാം ദിവസം പുരോഹിതന്‍ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊന്‍നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്‍റെ കാഴ്ച ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ

33 അവന്‍ ക്ഷൗരം ചെയ്യിക്കേണം; എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതന്‍ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.

34 ഏഴാം ദിവസം പുരോഹിതന്‍ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചയ്ക്കു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

35 എന്നാൽ അവന്‍റെ ശുദ്ധീകരണത്തിനുശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ

36 പുരോഹിതന്‍ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതന്‍ പൊന്‍നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍ അശുദ്ധന്‍ തന്നെ.

37 എന്നാൽ പുറ്റു കണ്ട നിലയിൽതന്നെ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവന്‍ ശുദ്ധിയുള്ളവന്‍; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

38 ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്‍റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ

39 പുരോഹിതന്‍ നോക്കേണം; ദേഹത്തിന്‍റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവന്‍ ശുദ്ധിയുള്ളവന്‍.

40 തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന്‍ ശുദ്ധിയുള്ളവന്‍.

41 തലയിൽ മുന്‍വശത്തെ രോമം കൊഴിഞ്ഞവന്‍ മുന്‍കഷണ്ടിക്കാരന്‍; അവന്‍ ശുദ്ധിയുള്ളവന്‍.

42 പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് അവന്‍റെ പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ഉദ്ഭവിക്കുന്ന കുഷ്ഠം.

43 പുരോഹിതന്‍ അതു നോക്കേണം; അവന്‍റെ പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്‍റെ കാഴ്ചപോലെ വടുവിന്‍റെ തിണര്‍പ്പ് ചുവപ്പോടു കൂടി വെളുത്തതായിരുന്നാൽ അവന്‍ കുഷ്ഠരോഗി;

44 അവന്‍ അശുദ്ധന്‍തന്നെ, പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു തീര്‍ത്തു വിധിക്കേണം; അവനു തലയിൽ കുഷ്ഠരോഗം ഉണ്ട്.

45 വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്‍റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍, അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.

46 അവനു രോഗമുള്ള നാളൊക്കെയും അവന്‍ അശുദ്ധന്‍ ആയിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നെ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്‍റെ പാര്‍പ്പ് പാളയത്തിനു പുറത്തായിരിക്കേണം.

47 ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും

48 ചണം കൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടുണ്ടാക്കിയ യാതൊരു സാധനത്തിലെങ്കിലും

49 കുഷ്ഠത്തിന്‍റെ വടുവുണ്ടായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളംപച്ചയോ ഇളംചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.

50 പുരോഹിതന്‍ വടു നോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.

51 അവന്‍ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടുണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിനകുഷ്ഠം; അത് അശുദ്ധമാകുന്നു.

52 വടുവുള്ള സാധനം ആട്ടിന്‍രോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിനകുഷ്ഠം; അതു തീയിലിട്ടു ചുട്ടുകളയേണം.

53 എന്നാൽ പുരോഹിതന്‍ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല

54 എങ്കിൽ പുരോഹിതന്‍ വടുവുള്ള സാധനം കഴുകുവാന്‍ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.

55 കഴുകിയശേഷം പുരോഹിതന്‍ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അത് അതിന്‍റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.

56 പിന്നെ പുരോഹിതന്‍ നോക്കേണം; കഴുകിയശേഷം വടുവിന്‍റെ നിറം മങ്ങി എങ്കിൽ അവന്‍ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.

57 അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽ കൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം.

58 എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയ ശേഷം വടു അവയിൽനിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള്‍ അതു ശുദ്ധമാകും.

59 ആട്ടുരോമമോ ചണമോകൊണ്ടുള്ള വസ്ത്രത്തിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്‍റെ വടുവിനെക്കുറിച്ച് അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നെ.

  • Leviticus 12 — previous chapter
  • Leviticus 14 — next chapter
  • Leviticus 13 — English (KJV)
  • Leviticus 13 — English (WEB)
  • Leviticus 13 — Tamil (தமிழ்)
  • Leviticus 13 — Hindi (हिंदी)
  • Leviticus 13 — Kannada (ಕನ್ನಡ)