ലേവ്യർ 12 (Leviticus 12)

Malayalam Bible — Malayalam (മലയാളം)

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരു സ്ത്രീ ഗര്‍ഭം ധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിച്ചാൽ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്‍റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.

3 എട്ടാം ദിവസം അവന്‍റെ അഗ്രചര്‍മം പരിച്ഛേദന ചെയ്യേണം.

4 പിന്നെ അവള്‍ മുപ്പത്തിമൂന്നു ദിവസം തന്‍റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുത്; വിശുദ്ധമന്ദിരത്തിലേക്കു വരികയും അരുത്.

5 പെണ്‍കുഞ്ഞിനെ പ്രസവിച്ചാൽ അവള്‍ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്‍റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.

6 മകനുവേണ്ടിയോ മകള്‍ക്കുവേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സു പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.

7 അവന്‍ അത് യഹോവയുടെ സന്നിധിയിൽ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ട് അവള്‍ ശുദ്ധയാകും. ഇത് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം.

8 ആട്ടിന്‍കുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റേതിനെ പാപയാഗത്തിനുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവള്‍ ശുദ്ധയാകും.

  • Leviticus 11 — previous chapter
  • Leviticus 13 — next chapter
  • Leviticus 12 — English (KJV)
  • Leviticus 12 — English (WEB)
  • Leviticus 12 — Tamil (தமிழ்)
  • Leviticus 12 — Hindi (हिंदी)
  • Leviticus 12 — Kannada (ಕನ್ನಡ)