ലേവ്യർ 1 (Leviticus 1)

Malayalam Bible — Malayalam (മലയാളം)

1 യഹോവ സമാഗമനകൂടാരത്തിൽ വച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്:

2 നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

3 അവന്‍ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നു എങ്കിൽ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് അര്‍പ്പിക്കേണം.

4 അവന്‍ ഹോമയാഗത്തിന്‍റെ തലയിൽ കൈ വയ്ക്കേണം; എന്നാൽ അത് അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കു സുഗ്രാഹ്യമാകും.

5 അവന്‍ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

6 അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.

7 പുരോഹിതനായ അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെ മേൽ വിറക് അടുക്കേണം.

8 പിന്നെ അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം.

9 അതിന്‍റെ കുടലും കാലും അവന്‍ വെള്ളത്തിൽ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

10 ഹോമയാഗത്തിനുള്ള അവന്‍റെ വഴിപാട് ആട്ടിന്‍കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.

11 അവന്‍ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ വടക്കുവശത്തുവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

12 അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം.

13 കുടലും കാലും അവന്‍ വെള്ളത്തിൽ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.

14 യഹോവയ്ക്ക് അവന്‍റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.

15 പുരോഹിതന്‍ അതിനെ യാഗപീഠത്തിന്‍റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ പാര്‍ശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.

16 അതിന്‍റെ തീന്‍പണ്ടം മലത്തോടുകൂടെ പറിച്ചെടുത്ത് യാഗപീഠത്തിന്‍റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്ത് ഇടേണം.

17 അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

  • Exodus 40 — previous chapter
  • Leviticus 2 — next chapter
  • Leviticus 1 — English (KJV)
  • Leviticus 1 — English (WEB)
  • Leviticus 1 — Tamil (தமிழ்)
  • Leviticus 1 — Hindi (हिंदी)
  • Leviticus 1 — Kannada (ಕನ್ನಡ)