പുറപ്പാട് 40 (Exodus 40)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:

2 ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.

3 സാക്ഷ്യപെട്ടകം അതിൽ വച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറയ്ക്കേണം.

4 മേശ കൊണ്ടുവന്ന് അതിന്‍റെ സാധനങ്ങള്‍ ക്രമത്തിൽ വയ്ക്കേണം. നിലവിളക്കു കൊണ്ടുവന്ന് അതിന്‍റെ ദീപം കൊളുത്തേണം.

5 ധൂപത്തിനുള്ള പൊന്‍പീഠം സാക്ഷ്യപെട്ടകത്തിനു മുമ്പിൽവച്ച് തിരുനിവാസവാതിലിന്‍റെ മറശ്ശീല തൂക്കേണം.

6 സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിനു മുമ്പിൽ ഹോമയാഗപീഠം വയ്ക്കേണം.

7 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കേണം.

8 ചുറ്റും പ്രാകാരം നിവിര്‍ത്ത് പ്രാകാരവാതിലിന്‍റെ മറശ്ശീല തൂക്കേണം.

9 അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതു വിശുദ്ധമായിരിക്കേണം.

10 ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.

11 തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

12 അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകേണം.

13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

14 അവന്‍റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,

15 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്‍ക്കു തലമുറതലമുറയോളം നിത്യപൗരോഹിത്യം ഉണ്ടായിരിക്കേണം.

16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും അവന്‍ ചെയ്തു.

17 ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവിര്‍ത്തു.

18 മോശെ തിരുനിവാസം നിവിര്‍ക്കുകയും അതിന്‍റെ ചുവട് ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ്‍ നാട്ടുകയും ചെയ്തു.

19 അവന്‍ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ച് അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

20 അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വച്ചു; പെട്ടകത്തിനു തണ്ടു ചെലുത്തി പെട്ടകത്തിന്മീതെ കൃപാസനം വച്ചു.

21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

22 സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്‍റെ വടക്കുവശത്ത് തിരശ്ശീലയ്ക്കു പുറത്തായി മേശ വച്ചു.

23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

24 സമാഗമനകൂടാരത്തിൽ മേശയ്ക്കു നേരേ തിരുനിവാസത്തിന്‍റെ തെക്കു വശത്തു നിലവിളക്കു വയ്ക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;

25 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

26 സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുന്‍വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കയും അതിന്മേൽ സുഗന്ധധൂപവര്‍ഗം ധൂപിക്കയും ചെയ്തു;

27 യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ.

28 അവന്‍ തിരുനിവാസത്തിന്‍റെ വാതിലിനുള്ള മറശ്ശീല തൂക്കി.

29 ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിനു മുന്‍വശത്തു വയ്ക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

30 സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവന്‍ തൊട്ടി വയ്ക്കയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കയും ചെയ്തു.

31 മോശെയും അഹരോനും അവന്‍റെ പുത്രന്മാരും അതിൽ കൈയും കാലും കഴുകി.

32 അവര്‍ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.

33 അവന്‍ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റും പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്‍റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി പൂര്‍ത്തിയാക്കി.

34 അപ്പോള്‍ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു.

35 മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.

36 യിസ്രായേൽമക്കള്‍ തങ്ങളുടെ സകല പ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോള്‍ യാത്ര പുറപ്പെടും.

37 മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാള്‍വരെ അവര്‍ യാത്ര പുറപ്പെടാതിരിക്കും.

38 യിസ്രായേല്യരുടെ സകല പ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകൽസമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.

  • Exodus 39 — previous chapter
  • Leviticus 1 — next chapter
  • Exodus 40 — English (KJV)
  • Exodus 40 — English (WEB)
  • Exodus 40 — Tamil (தமிழ்)
  • Exodus 40 — Hindi (हिंदी)
  • Exodus 40 — Kannada (ಕನ್ನಡ)