യോശുവ 20 (Joshua 20)

Malayalam Bible — Malayalam (മലയാളം)

1 പിന്നെ യഹോവ യോശുവയോട് അരുളിച്ചെയ്തത്:

2 നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവന്‍ ഓടിപ്പോയി ഇരിക്കേണ്ടതിന് ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍.

3 രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാന്‍ അവ നിങ്ങള്‍ക്ക് സങ്കേതമായിരിക്കേണം.

4 ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവന്‍ പട്ടണത്തിന്‍റെ പടിവാതിൽക്കൽ നിന്നുകൊണ്ട് തന്‍റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവര്‍ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാര്‍ക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കയും വേണം.

5 രക്തപ്രതികാരകന്‍ അവനെ പിന്തുടര്‍ന്നു ചെന്നാൽ കൊലചെയ്തവന്‍ മനസ്സറിയാതെയും പൂര്‍വദ്വേഷം കൂടാതെയും തന്‍റെ കൂട്ടുകാരനെ കൊന്നുപോയതാകയാൽ അവര്‍ അവനെ അവന്‍റെ കൈയിൽ ഏല്പിക്കരുത്.

6 അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്‍റെ മരണംവരെയോ ആ പട്ടണത്തിൽ പാര്‍ക്കേണം; അതിന്‍റെശേഷം കൊലചെയ്തവന് താന്‍ വിട്ടോടിപ്പോന്ന സ്വന്തപട്ടണത്തിലേക്കും തന്‍റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.

7 അങ്ങനെ അവര്‍ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബയും

8 കിഴക്ക് യെരീഹോവിനെതിരേ യോര്‍ദ്ദാനക്കരെ മരുഭൂമിയിൽ രൂബേന്‍ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.

9 അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്‍റെ കൈയാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.

  • Joshua 19 — previous chapter
  • Joshua 21 — next chapter
  • Joshua 20 — English (KJV)
  • Joshua 20 — English (WEB)
  • Joshua 20 — Tamil (தமிழ்)
  • Joshua 20 — Hindi (हिंदी)
  • Joshua 20 — Kannada (ಕನ್ನಡ)