ഇയ്യോബ് 30 (Job 30)

Malayalam Bible — Malayalam (മലയാളം)

1 ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ നായ്ക്കളോടുകൂടെ ആക്കുവാന്‍പോലും ഞാന്‍ നിരസിക്കുമായിരുന്നു.

2 അവരുടെ കൈയൂറ്റംകൊണ്ട് എനിക്കെന്തു പ്രയോജനം? അവരുടെ യൗവനശക്തി നശിച്ചുപോയല്ലോ.

3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്‍റെയും നിര്‍ജനദേശത്തിന്‍റെയും ഇരുട്ടിൽ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.

4 അവര്‍ കുറുംകാട്ടിൽ മണൽച്ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവര്‍ക്ക് ആഹാരമായിരിക്കുന്നു.

5 ജനമധ്യേനിന്ന് അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.

6 താഴ്വരപ്പിളര്‍പ്പുകളിൽ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നെ.

7 കുറുംകാട്ടിൽ അവര്‍ കുതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.

8 അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.

9 ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കു പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.

10 അവര്‍ എന്നെ അറച്ച് അകന്നു നില്ക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.

11 അവന്‍ തന്‍റെ കയറഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് അവര്‍ എന്‍റെ മുമ്പിൽ കടിഞ്ഞാണ്‍ അയച്ചുവിട്ടിരിക്കുന്നു.

12 വലത്തുഭാഗത്തു നീചപ്പരിഷ എഴുന്നേറ്റ് എന്‍റെ കാൽ ഉന്തുന്നു; അവര്‍ നാശമാര്‍ഗങ്ങളെ എന്‍റെ നേരേ നിരത്തുന്നു.

13 അവര്‍ എന്‍റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നെ തുണയറ്റവര്‍ ആയിരിക്കെ എന്‍റെ അപായത്തിനായി ശ്രമിക്കുന്നു.

14 വിസ്താരമുള്ള തുറവിൽക്കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്‍റെ നടുവിൽ അവര്‍ എന്‍റെമേൽ ഉരുണ്ടുകയറുന്നു.

15 ഘോരത്വങ്ങള്‍ എന്‍റെ നേരേ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്‍റെ മഹത്ത്വത്തെ പാറ്റിക്കളയുന്നു; എന്‍റെ ക്ഷേമവും മേഘംപോലെ കടന്നുപോകുന്നു.

16 ഇപ്പോള്‍ എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.

17 രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തു കളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.

18 ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.

19 അവന്‍ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.

20 ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളൂ.

21 നീ എന്‍റെ നേരേ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്‍റെ കൈയുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.

22 നീ എന്നെ കാറ്റിന്‍പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു.

23 മരണത്തിലേക്കും സകല ജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.

24 എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ?

25 കഷ്ടകാലം വന്നവനുവേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവനുവേണ്ടി എന്‍റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?

26 ഞാന്‍ നന്മയ്ക്കു നോക്കിയിരുന്നപ്പോള്‍ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോള്‍ ഇരുട്ടു വന്നു.

27 എന്‍റെ കുടൽ അമരാതെ തിളയ്ക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.

28 ഞാന്‍ കറുത്തവനായി നടക്കുന്നു; വെയിൽകൊണ്ടല്ലതാനും. ഞാന്‍ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.

29 ഞാന്‍ കുറുക്കന്മാര്‍ക്കു സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.

30 എന്‍റെ ത്വക്ക് കറുത്തു പൊളിഞ്ഞു വീഴുന്നു; എന്‍റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.

31 എന്‍റെ കിന്നരനാദം വിലാപമായും എന്‍റെ കുഴലൂത്ത് കരച്ചലായും തീര്‍ന്നിരിക്കുന്നു.

  • Job 29 — previous chapter
  • Job 31 — next chapter
  • Job 30 — English (KJV)
  • Job 30 — English (WEB)
  • Job 30 — Tamil (தமிழ்)
  • Job 30 — Hindi (हिंदी)
  • Job 30 — Kannada (ಕನ್ನಡ)