ഇയ്യോബ് 29 (Job 29)

Malayalam Bible — Malayalam (മലയാളം)

1 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:

2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കിൽ കൊള്ളായിരുന്നു.

3 അന്ന് അവന്‍റെ ദീപം എന്‍റെ തലയ്ക്കു മീതെ പ്രകാശിച്ചു; അവന്‍റെ വെളിച്ചത്താൽ ഞാന്‍ ഇരുട്ടിൽക്കൂടി നടന്നു.

4 എന്‍റെ കൂടാരത്തിനു ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരിക്കയും സര്‍വശക്തന്‍ എന്നോടുകൂടെ വസിക്കയും

5 എന്‍റെ മക്കള്‍ എന്‍റെ ചുറ്റും ഇരിക്കയും ചെയ്ത എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കിൽ കൊള്ളായിരുന്നു.

6 അന്നു ഞാന്‍ എന്‍റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.

7 ഞാന്‍ പുറപ്പെട്ട് പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്‍റെ ഇരിപ്പിടം വയ്ക്കുമ്പോള്‍

8 യൗവനക്കാര്‍ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനില്ക്കും.

9 പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ് പൊത്തും.

10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.

11 എന്‍റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിക്കു സാക്ഷ്യം നല്കും.

12 നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.

13 നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെമേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷംകൊണ്ട് ആര്‍ക്കുമാറാക്കി.

14 ഞാന്‍ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു; എന്‍റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.

15 ഞാന്‍ കുരുടനു കണ്ണും മുടന്തനു കാലും ആയിരുന്നു.

16 ദരിദ്രന്മാര്‍ക്ക് ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു.

17 നീതികെട്ടവന്‍റെ അണപ്പല്ല് ഞാന്‍ തകര്‍ത്തു; അവന്‍റെ പല്ലിന്‍ ഇടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.

18 എന്‍റെ കൂട്ടിൽവച്ചു ഞാന്‍ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.

19 എന്‍റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാര്‍ക്കുന്നു.

20 എന്‍റെ മഹത്ത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്‍റെ വില്ല് എന്‍റെ കൈയിൽ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.

21 മനുഷ്യര്‍ കാത്തിരുന്ന് എന്‍റെ വാക്ക് കേള്‍ക്കും; എന്‍റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.

22 ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്‍റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.

23 മഴയ്ക്ക് എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവര്‍ വായ് പിളര്‍ക്കും.

24 അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്‍റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.

25 ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായിട്ട് ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും.

  • Job 28 — previous chapter
  • Job 30 — next chapter
  • Job 29 — English (KJV)
  • Job 29 — English (WEB)
  • Job 29 — Tamil (தமிழ்)
  • Job 29 — Hindi (हिंदी)
  • Job 29 — Kannada (ಕನ್ನಡ)