ഇയ്യോബ് 24 (Job 24)

Malayalam Bible — Malayalam (മലയാളം)

1 സര്‍വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്‍റെ ഭക്തന്മാര്‍ അവന്‍റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?

2 ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയിക്കുന്നു.

3 ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയം വാങ്ങുന്നു.

4 ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര്‍ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.

5 അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലയ്ക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കുവേണ്ടി അവര്‍ക്ക് ആഹാരം.

6 അവര്‍ വയലിൽ അന്യന്‍റെ പയറു പറിക്കുന്നു; ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.

7 അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവര്‍ക്കു പുതപ്പും ഇല്ല.

8 അവര്‍ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവര്‍ പാറയെ ആശ്രയിക്കുന്നു.

9 ചിലര്‍ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.

10 അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.

11 അന്യരുടെ മതിലുകള്‍ക്കകത്ത് അവര്‍ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.

12 പട്ടണത്തിൽ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിനോ അതിൽ നീരസം തോന്നുന്നില്ല.

13 ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്‍റെ വഴികളെ അറിയുന്നില്ല; അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല.

14 കൊലപാതകന്‍ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.

15 വ്യഭിചാരിയുടെ കണ്ണ് അസ്തമാനം കാത്തിരിക്കുന്നു; അവന്‍ മുഖം മറച്ചു നടന്ന് ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.

16 ചിലര്‍ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവര്‍ വാതിൽ അടച്ചു പാര്‍ക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.

17 പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സുതന്നെ; അന്ധതമസ്സിന്‍റെ ഘോരത്വങ്ങള്‍ അവര്‍ക്കു പരിചയമുണ്ടല്ലോ.

18 വെള്ളത്തിന്മേൽ അവര്‍ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്ക് അവര്‍ തിരിയുന്നില്ല.

19 ഹിമജലം വരള്‍ച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവന്‍ പാതാളത്തിനും ഇരയാകുന്നു.

20 ഗര്‍ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓര്‍ക്കയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകര്‍ന്നുപോകും.

21 പ്രസവിക്കാത്ത മച്ചിയെ അവന്‍ വിഴുങ്ങിക്കളയുന്നു; വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.

22 അവന്‍ തന്‍റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവര്‍ എഴുന്നേല്ക്കുന്നു.

23 അവന്‍ അവര്‍ക്കു നിര്‍ഭയവാസം നല്കുന്നു; അവര്‍ ഉറച്ചുനില്ക്കുന്നു; എങ്കിലും അവന്‍റെ ദൃഷ്‍ടി അവരുടെ വഴികളിന്മേൽ ഉണ്ട്.

24 അവര്‍ ഉയര്‍ന്നിരിക്കുന്നു; കുറെക്കഴിഞ്ഞിട്ടോ അവര്‍ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയും പോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.

25 ഇങ്ങനെയല്ലങ്കിൽ എന്നെ കള്ളനാക്കുകയും എന്‍റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവന്‍ ആര്‍?

  • Job 23 — previous chapter
  • Job 25 — next chapter
  • Job 24 — English (KJV)
  • Job 24 — English (WEB)
  • Job 24 — Tamil (தமிழ்)
  • Job 24 — Hindi (हिंदी)
  • Job 24 — Kannada (ಕನ್ನಡ)