ഇയ്യോബ് 20 (Job 20)

Malayalam Bible — Malayalam (മലയാളം)

1 അതിനു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 ഉത്തരം പറവാന്‍ എന്‍റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്‍റെ ഉള്ളിലെ തത്രപ്പാട് ഹേതുവായിട്ടുതന്നെ.

3 എനിക്കു ലജ്ജാകരമായ ശാസന ഞാന്‍ കേട്ടു; എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽനിന്ന് ഉത്തരം പറയുന്നു.

4 മനുഷ്യന്‍ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?

5 ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ; വഷളന്‍റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ.

6 അവന്‍റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്‍റെ തല മേഘങ്ങളോളം എത്തിയാലും

7 അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.

8 അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.

9 അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്‍റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.

10 അവന്‍റെ മക്കള്‍ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്‍റെ കൈ തന്നെ അവന്‍റെ സമ്പത്തു മടക്കിക്കൊടുക്കും.

11 അവന്‍റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും.

12 ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും അവന്‍ അതു നാവിന്‍കീഴെ മറച്ചു വച്ചാലും

13 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവച്ചാലും

14 അവന്‍റെ ആഹാരം അവന്‍റെ കുടലിൽ പരിണമിച്ച് അവന്‍റെ ഉള്ളിൽ സര്‍പ്പവിഷമായിത്തീരും.

15 അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദിക്കേണ്ടിവരും; ദൈവം അത് അവന്‍റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.

16 അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവ് അവനെ കൊല്ലും.

17 തേനും പാൽപ്പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.

18 തന്‍റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കയുമില്ല.

19 അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീട് അപഹരിച്ചു.

20 അവന്‍റെ കൊതിക്കു പതം വരായ്കയാൽ അവന്‍ തന്‍റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല.

21 അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ട് അവന്‍റെ അഭിവൃദ്ധി നിലനില്ക്കയില്ല.

22 അവന്‍റെ സമൃദ്ധിയുടെ പൂര്‍ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈയൊക്കെയും അവന്‍റെമേൽ വരും.

23 അവന്‍ വയറു നിറയ്ക്കുമ്പോള്‍ത്തന്നെ ദൈവം തന്‍റെ ഉഗ്രകോപം അവന്‍റെമേൽ അയയ്ക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അത് അവന്‍റെമേൽ വര്‍ഷിപ്പിക്കും.

24 അവന്‍ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറപ്പിക്കും.

25 അവന്‍ പറിച്ചിട്ട് അത് അവന്‍റെ ദേഹത്തിൽനിന്നു പുറത്തു വരുന്നു. മിന്നുന്ന മുന അവന്‍റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്‍റെമേൽ ഇരിക്കുന്നു.

26 അന്ധകാരമൊക്കെയും അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്ക് അവന്‍ ഇരയാകും; അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;

27 ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും. ഭൂമി അവനോട് എതിര്‍ത്തു നില്ക്കും.

28 അവന്‍റെ വീട്ടിലെ വരവു പൊയ്പോകും; അവന്‍റെ കോപത്തിന്‍റെ ദിവസത്തിൽ അത് ഒഴുകിപ്പോകും.

29 ഇതു ദുഷ്ടനു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.

  • Job 19 — previous chapter
  • Job 21 — next chapter
  • Job 20 — English (KJV)
  • Job 20 — English (WEB)
  • Job 20 — Tamil (தமிழ்)
  • Job 20 — Hindi (हिंदी)
  • Job 20 — Kannada (ಕನ್ನಡ)