ഇയ്യോബ് 19 (Job 19)

Malayalam Bible — Malayalam (മലയാളം)

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 നിങ്ങള്‍ എത്രത്തോളം എന്‍റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകര്‍ക്കുകയും ചെയ്യും?

3 ഇപ്പോള്‍ പത്തു പ്രാവശ്യം നിങ്ങള്‍ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാന്‍ നിങ്ങള്‍ക്കു ലജ്ജയില്ല.

4 ഞാന്‍ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്‍റെ തെറ്റ് എനിക്കുതന്നെ അറിയാം.

5 നിങ്ങള്‍ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച് എന്‍റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ

6 ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിന്‍.

7 അയ്യോ, ബലാൽക്കാരം എന്നു ഞാന്‍ നിലവിളിക്കുന്നു; കേള്‍പ്പോരില്ല; രക്ഷയ്ക്കായി ഞാന്‍ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

8 എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്‍റെ വഴി കെട്ടിയടച്ചു, എന്‍റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.

9 എന്‍റെ തേജസ്സ് അവന്‍ എന്‍റെമേൽനിന്ന് ഊരിയെടുത്തു; എന്‍റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.

10 അവന്‍ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്‍റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.

11 അവന്‍ തന്‍റെ കോപം എന്‍റെമേൽ ജ്വലിപ്പിച്ച് എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.

12 അവന്‍റെ പടക്കൂട്ടങ്ങള്‍ ഒന്നിച്ചുവരുന്നു; അവര്‍ എന്‍റെ നേരേ തങ്ങളുടെ വഴി നിരത്തുന്നു; എന്‍റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.

13 അവര്‍ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്‍റെ പരിചയക്കാര്‍ എനിക്ക് അന്യരായിത്തീര്‍ന്നു.

14 എന്‍റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്‍റെ ഉറ്റസ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.

15 എന്‍റെ വീട്ടിൽ പാര്‍ക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാന്‍ അവര്‍ക്ക് പരദേശിയായിത്തോന്നുന്നു.

16 ഞാന്‍ എന്‍റെ ദാസനെ വിളിച്ചു; അവന്‍ വിളി കേള്‍ക്കുന്നില്ല. എന്‍റെ വായ്കൊണ്ട് ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു.

17 എന്‍റെ ശ്വാസം എന്‍റെ ഭാര്യക്ക് അസഹ്യവും എന്‍റെ യാചന എന്‍റെ ഉടപ്പിറന്നവര്‍ക്ക് അറപ്പും ആയിരിക്കുന്നു.

18 പിള്ളരും എന്നെ നിരസിക്കുന്നു; ഞാന്‍ എഴുന്നേറ്റാൽ അവര്‍ എന്നെ കളിയാക്കുന്നു.

19 എന്‍റെ പ്രാണസ്നേഹിതന്മാരൊക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവര്‍ വിരോധികളായിത്തീര്‍ന്നു.

20 എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്‍റെ മോണയോടെ ഞാന്‍ ശേഷിച്ചിരിക്കുന്നു.

21 സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു.

22 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? എന്‍റെ മാംസം തിന്നു തൃപ്തിവരാത്തത് എന്ത്?

23 അയ്യോ എന്‍റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളായിരുന്നു.

24 അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തി വച്ചെങ്കിൽ കൊള്ളായിരുന്നു.

25 എന്നെ വീണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാന്‍ അറിയുന്നു.

26 എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും.

27 ഞാന്‍തന്നെ അവനെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണ് അവനെ കാണും; എന്‍റെ അന്തരംഗം എന്‍റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്‍റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങള്‍ പറയുന്നുവെങ്കിൽ

29 വാളിനെ പേടിപ്പിന്‍; ക്രോധം വാളിന്‍റെ ശിക്ഷയ്ക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞു കൊള്‍വിന്‍.

  • Job 18 — previous chapter
  • Job 20 — next chapter
  • Job 19 — English (KJV)
  • Job 19 — English (WEB)
  • Job 19 — Tamil (தமிழ்)
  • Job 19 — Hindi (हिंदी)
  • Job 19 — Kannada (ಕನ್ನಡ)