ഇയ്യോബ് 12 (Job 12)

Malayalam Bible — Malayalam (മലയാളം)

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2 ഓഹോ, നിങ്ങള്‍ ആകുന്നു വിദ്വജ്ജനം! നിങ്ങള്‍ മരിച്ചാൽ ജ്ഞാനം മരിക്കും.

3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; നിങ്ങളെക്കാള്‍ ഞാന്‍ അധമനല്ല; ആര്‍ക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തത്?

4 ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാന്‍ എന്‍റെ സഖിക്കു പരിഹാസവിഷയമായിത്തീര്‍ന്നു; നീതിമാനും നിഷ്കളങ്കനുമായവന്‍ തന്നെ പരിഹാസവിഷയമായിത്തീര്‍ന്നു.

5 വിപത്ത് നിന്ദ്യം എന്നു സുഖിയന്‍റെ വിചാരം; കാൽ ഇടറുന്നവര്‍ക്ക് അത് ഒരുങ്ങിയിരിക്കുന്നു.

6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങള്‍ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവര്‍ നിര്‍ഭയമായി വസിക്കുന്നു; അവരുടെ കൈയിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.

7 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും.

8 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.

9 യഹോവയുടെ കൈ ഇതു പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്‍?

10 സകല ജീവജന്തുക്കളുടെയും പ്രാണനും സകല മനുഷ്യവര്‍ഗത്തിന്‍റെയും ശ്വാസവും അവന്‍റെ കൈയിൽ ഇരിക്കുന്നു.

11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?

12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.

13 ജ്ഞാനവും ശക്തിയും അവന്‍റെ പക്കൽ, ആലോചനയും വിവേകവും അവനുള്ളത്.

14 അവന്‍ ഇടിച്ചുകളഞ്ഞാൽ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.

15 അവന്‍ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവന്‍ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.

16 അവന്‍റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ട്; വഞ്ചിതനും വഞ്ചകനും അവനുള്ളവര്‍.

17 അവന്‍ മന്ത്രിമാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.

18 രാജാക്കന്മാര്‍ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരയ്ക്കു കയറു കെട്ടുന്നു.

19 അവന്‍ പുരോഹിതന്മാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടു കളയുന്നു.

20 അവന്‍ വിശ്വസ്തന്മാര്‍ക്കു വാക്കുമുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.

21 അവന്‍ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചു കളയുന്നു.

22 അവന്‍ അഗാധകാര്യങ്ങളെ അന്ധകാരത്തിൽനിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.

23 അവന്‍ ജാതികളെ വര്‍ധിപ്പിക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന്‍ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.

24 അവന്‍ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുന്നു.

25 അവര്‍ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പി നടക്കുന്നു; അവന്‍ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.

  • Job 11 — previous chapter
  • Job 13 — next chapter
  • Job 12 — English (KJV)
  • Job 12 — English (WEB)
  • Job 12 — Tamil (தமிழ்)
  • Job 12 — Hindi (हिंदी)
  • Job 12 — Kannada (ಕನ್ನಡ)