യിരെമ്യാ 21 (Jeremiah 21)

Malayalam Bible — Malayalam (മലയാളം)

1 സിദെക്കീയാരാജാവ് മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിനെയും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്‍റെ അടുക്കൽ അയച്ചു:

2 ബാബേൽ രാജാവായ നെബൂഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങള്‍ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവന്‍ ഞങ്ങളെ വിട്ടുപോകേണ്ടതിനു യഹോവ തന്‍റെ സകല അദ്ഭുതങ്ങള്‍ക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവര്‍ത്തിക്കും എന്നു പറയിച്ചപ്പോള്‍ യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.

3 യിരെമ്യാവ് അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ സിദെക്കീയാവോട് ഇപ്രകാരം പറയേണം:

4 യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകള്‍ക്കു പുറമേ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാന്‍ നിങ്ങളുടെ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാന്‍ മടക്കിച്ച് ഈ നഗരത്തിന്‍റെ നടുവിൽ കൂട്ടും.

5 ഞാന്‍ തന്നെയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധം ചെയ്യും.

6 ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ സംഹരിക്കും; അവര്‍ മഹാമാരിയാൽ മരിക്കും.

7 അതിന്‍റെശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാള്‍, ക്ഷാമം എന്നിവയ്ക്കു തെറ്റി ഒഴിഞ്ഞവരെ തന്നെ, ഞാന്‍ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവന്‍ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്.

8 നീ ഈ ജനത്തോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ജീവന്‍റെ വഴിയും മരണത്തിന്‍റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.

9 ഈ നഗരത്തിൽ പാര്‍ക്കുന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്‍റെ ജീവന്‍ അവനു കൊള്ളകിട്ടിയതുപോലെ ഇരിക്കും.

10 ഞാന്‍ എന്‍റെ മുഖം ഈ നഗരത്തിനു നേരേ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. അതിനെ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അതിനെ തീവച്ചു ചുട്ടുകളയും.

11 യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: യഹോവയുടെ വചനം കേള്‍പ്പിന്‍!

12 ദാവീദ്ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷം നിമിത്തം എന്‍റെ ക്രോധംതീപോലെ പാളി ആര്‍ക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിനു നിങ്ങള്‍ ദിവസം തോറും ന്യായം പാലിക്കയും കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്‍റെ കൈയിൽനിന്നു വിടുവിക്കയും ചെയ്‍വിന്‍.

13 താഴ്വരയിലും സമഭൂമിയിലെ പാറയിലും പാര്‍ക്കയും ആര്‍ ഞങ്ങളുടെ നേരേ വരും? ആര്‍ ഞങ്ങളുടെ പാര്‍പ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.

14 ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവണ്ണം നിങ്ങളെ സന്ദര്‍ശിക്കും; ഞാന്‍ അവളുടെ കാട്ടിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.

  • Jeremiah 20 — previous chapter
  • Jeremiah 22 — next chapter
  • Jeremiah 21 — English (KJV)
  • Jeremiah 21 — English (WEB)
  • Jeremiah 21 — Tamil (தமிழ்)
  • Jeremiah 21 — Hindi (हिंदी)
  • Jeremiah 21 — Kannada (ಕನ್ನಡ)