യിരെമ്യാ 20 (Jeremiah 20)

Malayalam Bible — Malayalam (മലയാളം)

1 എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങളെ പ്രവചിക്കുന്നത് ഇമ്മേരിന്‍റെ മകനും യഹോവയുടെ ആലയത്തിനു പ്രധാനവിചാരകനുമായ

2 പശ്ഹൂര്‍പുരോഹിതന്‍ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിനരികെയുള്ള മേലത്തെ ബെന്യാമീന്‍ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.

3 പിറ്റന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോള്‍ യിരെമ്യാവ് അവനോടു പറഞ്ഞത്: യഹോവ നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വത്രഭീതി) എന്നത്രേ പേര്‍ വിളിച്ചിരിക്കുന്നത്.

4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിനക്കു തന്നെയും നിന്‍റെ സകല സ്നേഹിതന്മാര്‍ക്കും ഭീതിയാക്കിത്തീര്‍ക്കും; അവര്‍ ശത്രുക്കളുടെ വാള്‍കൊണ്ടു വീഴും; നിന്‍റെ കണ്ണ് അതു കാണും; എല്ലാ യെഹൂദായെയും ഞാന്‍ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാള്‍കൊണ്ടു കൊന്നുകളയും.

5 ഈ നഗരത്തിലെ സകല നിക്ഷേപങ്ങളും അതിലെ സകല സമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല ഭണ്ഡാരങ്ങളും ഞാന്‍ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവര്‍ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും.

6 എന്നാൽ പശ്ഹൂരേ, നീയും നിന്‍റെ വീട്ടിൽ പാര്‍ക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്‍റെ വ്യാജപ്രവചനം കേട്ട നിന്‍റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന് അവിടെവച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.

7 യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാന്‍ സമ്മതിച്ചുപോകയും ചെയ്തു; നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാന്‍ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.

8 സംസാരിക്കുമ്പോഴൊക്കെയും ഞാന്‍ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.

9 ഞാന്‍ ഇനി അവനെ ഓര്‍ക്കുകയില്ല, അവന്‍റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്ന് എനിക്കു വയ്യാതെയായി.

10 സര്‍വത്രഭീതി; ഞാന്‍ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിന്‍; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോടു പക വീട്ടുവാന്‍ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം എന്ന് എന്‍റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്‍റെ ചങ്ങാതിമാരൊക്കെയും പറയുന്നു.

11 എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെയുണ്ട്; ആകയാൽ എന്നെ ഉപദ്രവിക്കുന്നവര്‍ ഇടറിവീഴും; അവര്‍ ജയിക്കയില്ല; അവര്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.

12 നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; എന്‍റെ വ്യവഹാരം ഞാന്‍ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.

13 യഹോവയ്ക്കു പാട്ടുപാടുവിന്‍! യഹോവയെ സ്തുതിപ്പിന്‍! അവന്‍ ദരിദ്രന്‍റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്നു വിടുവിച്ചിരിക്കുന്നു.

14 ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.

15 നിനക്ക് ഒരു മകന്‍ ജനിച്ചിരിക്കുന്നു എന്ന് എന്‍റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.

16 എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും അവളുടെ ഗര്‍ഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്

17 ആ മനുഷ്യന്‍ എന്നെ ഉദരത്തിൽവച്ചു കൊന്നുകളയായ്കകൊണ്ട് അവന്‍, യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവന്‍ നിലവിളിയും ഉച്ചസമയത്തു പോര്‍വിളിയും കേള്‍ക്കുമാറാകട്ടെ.

18 കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിനു ഞാന്‍ ഉദരത്തിൽനിന്നു പുറത്തുവന്നത് എന്തിന്?

  • Jeremiah 19 — previous chapter
  • Jeremiah 21 — next chapter
  • Jeremiah 20 — English (KJV)
  • Jeremiah 20 — English (WEB)
  • Jeremiah 20 — Tamil (தமிழ்)
  • Jeremiah 20 — Hindi (हिंदी)
  • Jeremiah 20 — Kannada (ಕನ್ನಡ)