യെശയ്യാ 51 (Isaiah 51)

Malayalam Bible — Malayalam (മലയാളം)

1 നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്‍.

2 നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിന്‍; ഞാന്‍ അവനെ ഏകനായിട്ടു വിളിച്ച് അവനെ അനുഗ്രഹിച്ചു വര്‍ധിപ്പിച്ചിരിക്കുന്നു.

3 യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവന്‍ അതിന്‍റെ സകല ശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിര്‍ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.

4 എന്‍റെ ജനമേ,എന്‍റെ വാക്കു കേള്‍പ്പിന്‍; എന്‍റെ ജാതിയേ, എനിക്കു ചെവിതരുവിന്‍; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാന്‍ എന്‍റെ ന്യായത്തെ വംശങ്ങള്‍ക്കു പ്രകാശമായി സ്ഥാപിക്കും.

5 എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തിൽ അവര്‍ ആശ്രയിക്കുന്നു.

6 നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയര്‍ത്തുവിന്‍; താഴെ ഭൂമിയെ നോക്കുവിന്‍; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; എന്‍റെ നീതിക്കു നീക്കം വരികയുമില്ല.

7 നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങള്‍ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുത്.

8 പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.

9 യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്‍ക; പൂര്‍വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?

10 സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവര്‍ കടന്നുപോകേണ്ടതിനു സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?

11 യഹോവയുടെ വിമുക്തന്മാര്‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.

12 ഞാന്‍, ഞാന്‍ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍; എന്നാൽ മരിച്ചുപോകുന്ന മര്‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്‍ നീ ആര്‍?

13 ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന്‍ നശിപ്പിപ്പാന്‍ ഒരുങ്ങിവരുന്നു എന്നുവച്ച് അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്ത്?

14 പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവന്‍ കുണ്ടറയിൽ മരിക്കയില്ല; അവന്‍റെ ആഹാരത്തിനു മുട്ടുവരികയുമില്ല.

15 തിരകള്‍ അലറുവാന്‍ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം.

16 ഞാന്‍ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: നീ എന്‍റെ ജനം എന്നുപറകയും ചെയ്യേണ്ടതിനു ഞാന്‍ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.

17 യഹോവയുടെ കൈയിൽനിന്ന് അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക; എഴുന്നേറ്റു നില്ക്ക; നീ പരിഭ്രമത്തിന്‍റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.

18 അവള്‍ പ്രസവിച്ച സകല പുത്രന്മാരിലുംവച്ച് അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവള്‍ വളര്‍ത്തിയ എല്ലാ മക്കളിലുംവച്ച് അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.

19 ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആര്‍ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാന്‍ നിന്നെ ആശ്വസിപ്പിക്കേണ്ടത് എങ്ങനെ?

20 നിന്‍റെ മക്കള്‍ ബോധംകെട്ടു വലയിൽ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവര്‍ യഹോവയുടെ ക്രോധവും നിന്‍റെ ദൈവത്തിന്‍റെ ഭര്‍ത്സനവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.

21 ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്‍ക.

22 നിന്‍റെ കര്‍ത്താവായ യഹോവയും തന്‍റെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ പരിഭ്രമത്തിന്‍റെ പാനപാത്രം, എന്‍റെ ക്രോധത്തിന്‍റെ പാനപാത്രപുടം തന്നെ, നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;

23 നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കൈയിൽ ഞാന്‍ അതു കൊടുക്കും. അവര്‍ നിന്നോട്: കുനിയുക; ഞങ്ങള്‍ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്‍ക്കു നീ നിന്‍റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവയ്ക്കേണ്ടിവന്നു.

  • Isaiah 50 — previous chapter
  • Isaiah 52 — next chapter
  • Isaiah 51 — English (KJV)
  • Isaiah 51 — English (WEB)
  • Isaiah 51 — Tamil (தமிழ்)
  • Isaiah 51 — Hindi (हिंदी)
  • Isaiah 51 — Kannada (ಕನ್ನಡ)