യെശയ്യാ 50 (Isaiah 50)

Malayalam Bible — Malayalam (മലയാളം)

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്‍റെ കടക്കാരിൽ ആര്‍ക്കാകുന്നു ഞാന്‍ നിങ്ങളെ വിറ്റുകളഞ്ഞത്? നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങള്‍ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.

2 ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്ത്? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്‍റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.

3 ഞാന്‍ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതപ്പിക്കയും ചെയ്യുന്നു.

4 തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന്‍ അറിയേണ്ടതിനു യഹോവയായ കര്‍ത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന് അവന്‍ എന്‍റെ ചെവി ഉണര്‍ത്തുന്നു.

5 യഹോവയായ കര്‍ത്താവ് എന്‍റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.

6 അടിക്കുന്നവര്‍ക്ക്, ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്ക് എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല.

7 യഹോവയായ കര്‍ത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നു പോകയില്ല; അതുകൊണ്ടു ഞാന്‍ എന്‍റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.

8 എന്നെ നീതീകരിക്കുന്നവന്‍ സമീപത്തുണ്ട്; എന്നോടു വാദിക്കുന്നവന്‍ ആര്‍? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്‍റെ പ്രതിയോഗി ആര്‍? അവന്‍ ഇങ്ങുവരട്ടെ.

9 ഇതാ, യഹോവയായ കര്‍ത്താവ് എന്നെ തുണയ്ക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവന്‍ ആര്‍? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും?

10 പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്‍റെ ദാസന്‍റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവന്‍ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്‍റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.

11 ഹാ, തീ കത്തിച്ചു തീയമ്പുകള്‍ അരയ്ക്കു കെട്ടുന്നവരേ, നിങ്ങള്‍ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള്‍ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന്‍; എന്‍റെ കൈയാൽ ഇതു നിങ്ങള്‍ക്കു ഭവിക്കും; നിങ്ങള്‍ വ്യസനത്തോടെ കിടക്കേണ്ടിവരും.

  • Isaiah 49 — previous chapter
  • Isaiah 51 — next chapter
  • Isaiah 50 — English (KJV)
  • Isaiah 50 — English (WEB)
  • Isaiah 50 — Tamil (தமிழ்)
  • Isaiah 50 — Hindi (हिंदी)
  • Isaiah 50 — Kannada (ಕನ್ನಡ)