യെശയ്യാ 46 (Isaiah 46)

Malayalam Bible — Malayalam (മലയാളം)

1 ബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങള്‍ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും തളര്‍ന്ന മൃഗങ്ങള്‍ക്കു ഭാരവും ആയിത്തീര്‍ന്നിരിക്കുന്നു.

2 അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാന്‍ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.

3 ഗര്‍ഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍.

4 നിങ്ങളുടെ വാര്‍ധക്യംവരെ ഞാന്‍ അനന്യന്‍ തന്നെ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ ചെയ്തിരിക്കുന്നു; ഞാന്‍ വഹിക്കയും ഞാന്‍ ചുമന്നു വിടുവിക്കയും ചെയ്യും.

5 നിങ്ങള്‍ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?

6 അവര്‍ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വയ്ക്കുന്നു; അവന്‍ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവര്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.

7 അവര്‍ അതിനെ തോളിൽ എടുത്തുകൊണ്ടുപോയി അതിന്‍റെ സ്ഥലത്തു നിര്‍ത്തുന്നു; അതു തന്‍റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.

8 ഇത് ഓര്‍ത്ത് സ്ഥിരത കാണിപ്പിന്‍; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിന്‍.

9 പണ്ടുള്ള പൂര്‍വകാര്യങ്ങളെ ഓര്‍ത്തുകൊള്‍വിന്‍; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

10 ആരംഭത്തിങ്കൽ തന്നെ അവസാനവും പൂര്‍വകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്‍റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്‍റെ താൽപര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു.

11 ഞാന്‍ കിഴക്കുനിന്ന് ഒരു റാഞ്ചന്‍പക്ഷിയെ, ദൂരദേശത്തുനിന്ന് എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാന്‍ പ്രസ്താവിച്ചിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കും; ഞാന്‍ നിരൂപിച്ചിരിക്കുന്നു; ഞാന്‍ അനുഷ്ഠിക്കും.

12 നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്‍റെ വാക്കു കേള്‍പ്പിന്‍.

13 ഞാന്‍ എന്‍റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്‍റെ രക്ഷ താമസിക്കയുമില്ല; ഞാന്‍ സീയോനിൽ രക്ഷയും യിസ്രായേലിന് എന്‍റെ മഹത്ത്വവും നല്കും.

  • Isaiah 45 — previous chapter
  • Isaiah 47 — next chapter
  • Isaiah 46 — English (KJV)
  • Isaiah 46 — English (WEB)
  • Isaiah 46 — Tamil (தமிழ்)
  • Isaiah 46 — Hindi (हिंदी)
  • Isaiah 46 — Kannada (ಕನ್ನಡ)