യെശയ്യാ 45 (Isaiah 45)

Malayalam Bible — Malayalam (മലയാളം)

1 യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു- അവനു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകള്‍ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകള്‍ അടയാതിരിക്കേണ്ടതിനും ഞാന്‍ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു-:

2 ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.

3 നിന്നെ പേര്‍ ചൊല്ലി വിളിക്കുന്ന ഞാന്‍ യഹോവ, യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിനു ഞാന്‍ നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.

4 എന്‍റെ ദാസനായ യാക്കോബു നിമിത്തവും എന്‍റെ വൃതനായ യിസ്രായേൽ നിമിത്തവും ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതിരിക്കെ ഞാന്‍ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.

5 ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്‍റെ അര മുറുക്കിയിരിക്കുന്നു.

6 സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവര്‍ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.

7 ഞാന്‍ പ്രകാശത്തെ നിര്‍മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്‍ടിക്കുന്നു; ഞാന്‍ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്‍ടിക്കുന്നു, യഹോവയായ ഞാന്‍ ഇതൊക്കെയും ചെയ്യുന്നു.

8 ആകാശമേ, മേലിൽ നിന്നു പൊഴിക്കുക; മേഘങ്ങള്‍ നീതിയെ വര്‍ഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന്‍ അതു സൃഷ്‍ടിച്ചിരിക്കുന്നു.

9 നിലത്തിലെ കല്ലറുക്കുകളുടെ ഇടയിൽ ഒരു കല്ലറുക്കായിരിക്കെ, തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന് അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണ്: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവനു കൈ ഇല്ല എന്നും പറയുമോ?

10 അപ്പനോട്: നീ ജനിപ്പിക്കുന്നത് എന്ത് എന്നും സ്ത്രീയോട്: നീ പ്രസവിക്കുന്നത് എന്ത് എന്നും പറയുന്നവന് അയ്യോ കഷ്ടം!

11 യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ച് എന്നോടു ചോദിപ്പിന്‍; എന്‍റെ മക്കളെയും എന്‍റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ച് എന്നോടു കല്പിപ്പിന്‍.

12 ഞാന്‍ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്‍ടിച്ചു; എന്‍റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകല സൈന്യത്തെയും ഞാന്‍ കല്പിച്ചാക്കിയിരിക്കുന്നു.

13 ഞാന്‍ നീതിയിൽ അവനെ ഉണര്‍ത്തിയിരിക്കുന്നു അവന്‍റെ വഴികളെയൊക്കെയും ഞാന്‍ നിരപ്പാക്കും; അവന്‍ എന്‍റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന്‍ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്‍റെ അധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവര്‍ നിന്‍റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്‍റെ മധ്യേ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.

15 യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.

16 അവര്‍ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പിൽ ആകും.

17 യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നുപോകയും ഇല്ല.

18 ആകാശത്തെ സൃഷ്‍ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു- അവന്‍ തന്നെ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്‍ടിച്ചത്; പാര്‍പ്പിനത്രേ അതിനെ നിര്‍മ്മിച്ചത്:- ഞാന്‍ തന്നെ യഹോവ; വേറൊരുത്തനും ഇല്ല.

19 ഞാന്‍ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വച്ചല്ല സംസാരിച്ചത്; ഞാന്‍ യാക്കോബിന്‍റെ സന്തതിയോട്: വ്യര്‍ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.

20 നിങ്ങള്‍ കൂടിവരുവിന്‍; ജാതികളിൽവച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ച് അടുത്തുവരുവിന്‍; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനോടു പ്രാര്‍ഥിക്കയും ചെയ്യുന്നവര്‍ക്ക് അറിവില്ല.

21 നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചുതരുവിന്‍; അവര്‍ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്‍പ്പിക്കയും പണ്ടു തന്നെ ഇതു പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.

22 സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിന്‍; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

23 എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.

24 യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട് എന്ന് ഓരോരുത്തന്‍ പറഞ്ഞുകൊണ്ട് അവന്‍റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.

25 യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.

  • Isaiah 44 — previous chapter
  • Isaiah 46 — next chapter
  • Isaiah 45 — English (KJV)
  • Isaiah 45 — English (WEB)
  • Isaiah 45 — Tamil (தமிழ்)
  • Isaiah 45 — Hindi (हिंदी)
  • Isaiah 45 — Kannada (ಕನ್ನಡ)