യെശയ്യാ 21 (Isaiah 21)

Malayalam Bible — Malayalam (മലയാളം)

1 സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ, വരുന്നു!

2 കഠിനമായൊരു ദര്‍ശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക; മേദ്യയേ, നിരോധിച്ചുകൊള്‍ക; അതിന്‍റെ ഞരക്കമൊക്കെയും ഞാന്‍ നിര്‍ത്തിക്കളയും.

3 അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടു കൂടാതവണ്ണം ഞാന്‍ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാന്‍ പരിഭ്രമിച്ചിരിക്കുന്നു.

4 എന്‍റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാന്‍ കാംക്ഷിച്ച സന്ധ്യാസമയം അവന്‍ എനിക്കു വിറയലാക്കിത്തീര്‍ത്തു.

5 മേശ ഒരുക്കുവിന്‍; പരവതാനി വിരിപ്പിന്‍; ഭക്ഷിച്ചു പാനം ചെയ്‍വിന്‍; പ്രഭുക്കന്മാരേ, എഴുന്നേല്പിന്‍; പരിചയ്ക്ക് എണ്ണ പൂശുവിന്‍.

6 കര്‍ത്താവ് എന്നോട്: നീ ചെന്ന് ഒരു കാവല്ക്കാരനെ നിര്‍ത്തിക്കൊള്‍ക; അവന്‍ കാണുന്നത് അറിയിക്കട്ടെ.

7 ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോള്‍ അവന്‍ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.

8 അവന്‍ ഒരു സിംഹംപോലെ അലറി: കര്‍ത്താവേ, ഞാന്‍ പകൽ ഇടവിടാതെ കാവൽ നില്ക്കുന്നു; രാത്രി മുഴുവനും ഞാന്‍ കാവൽ കാത്തുകൊണ്ടിരുന്നു.

9 ഇതാ, ഒരു കൂട്ടം കുതിരച്ചേവകര്‍; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകര്‍ന്നു കിടക്കുന്നു എന്നും അവന്‍ പറഞ്ഞു.

10 എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാന്‍ കേട്ടിട്ടുള്ളതു നിങ്ങളോട് അറിയിച്ചിരിക്കുന്നു.

11 ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി? എന്ന് ഒരുത്തന്‍ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു.

12 അതിനു കാവൽക്കാരന്‍: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങള്‍ക്കു ചോദിക്കേണമെങ്കിൽ ചോദിച്ചുകൊള്‍വിന്‍; പോയി വരുവിന്‍ എന്നു പറഞ്ഞു.

13 അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറബിയിലെ കാട്ടിൽ രാപാര്‍പ്പിന്‍.

14 തേമാദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിന്‍; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്പിന്‍.

15 അവര്‍ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്‍റെ കൊടുമയെയും ഒഴിഞ്ഞ് ഓടുന്നവര്‍ തന്നെ.

16 കര്‍ത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: കൂലിക്കാരന്‍റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിനകം കേദാരിന്‍റെ മഹത്ത്വമൊക്കെയും ക്ഷയിച്ചുപോകും;

17 കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവര്‍ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.

  • Isaiah 20 — previous chapter
  • Isaiah 22 — next chapter
  • Isaiah 21 — English (KJV)
  • Isaiah 21 — English (WEB)
  • Isaiah 21 — Tamil (தமிழ்)
  • Isaiah 21 — Hindi (हिंदी)
  • Isaiah 21 — Kannada (ಕನ್ನಡ)