ഉൽപ്പത്തി 48 (Genesis 48)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം യോസേഫിന്: നിന്‍റെ അപ്പന്‍ ദീനമായി കിടക്കുന്നു എന്നു വര്‍ത്തമാനം വന്നു; ഉടനെ അവന്‍ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു:

2 നിന്‍റെ മകന്‍ യോസേഫ് ഇതാ വരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോള്‍ യിസ്രായേൽ തന്നെത്താന്‍ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു.

3 യാക്കോബ് യോസേഫിനോടു പറഞ്ഞത്: സര്‍വശക്തിയുള്ള ദൈവം കനാന്‍ദേശത്തിലെ ലൂസ്സിൽവച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,

4 എന്നോട്: ഞാന്‍ നിന്നെ സന്താനപുഷ്‍ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്‍റെ ശേഷം നിന്‍റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു.

5 മിസ്രയീമിൽ നിന്‍റെ അടുക്കൽ ഞാന്‍ വരുംമുമ്പേ നിനക്കു മിസ്രയീംദേശത്തുവച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവര്‍ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവര്‍ എനിക്കുള്ളവരായിരിക്കട്ടെ.

6 ഇവരുടെശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവര്‍ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിന്‍പ്രകാരം വിളിക്കപ്പെടട്ടെ.

7 ഞാന്‍ പദ്ദനിൽനിന്നു വരുമ്പോള്‍, കനാന്‍ദേശത്ത് എഫ്രാത്തിൽ എത്തുവാന്‍ അല്പം ദൂരം മാത്രമുള്ളപ്പോള്‍ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാന്‍ അവളെ അവിടെ ബേത്‍ലഹേം എന്ന എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.

8 യിസ്രായേൽ യോസേഫിന്‍റെ പുത്രന്മാരെ കണ്ടപ്പോള്‍: ഇവര്‍ ആരെന്നു ചോദിച്ചു.

9 ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്‍റെ അടുക്കൽ കൊണ്ടുവരിക; ഞാന്‍ അവരെ അനുഗ്രഹിക്കും എന്ന് അവന്‍ പറഞ്ഞു.

10 എന്നാൽ യിസ്രായേലിന്‍റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്‍മാന്‍ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടു ചെന്നപ്പോള്‍ അവന്‍ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.

11 യിസ്രായേൽ യോസേഫിനോട്: നിന്‍റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്‍റെ സന്തതിയെയും കാണ്‍മാന്‍ ദൈവം എനിക്കു സംഗതി വരുത്തിയല്ലോ എന്നു പറഞ്ഞു.

12 യോസേഫ് അവരെ അവന്‍റെ മുഴങ്കാലുകള്‍ക്കിടയിൽനിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.

13 പിന്നെ യോസേഫ് എഫ്രയീമിനെ വലംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്‍റെ ഇടംകൈക്കു നേരെയും മനശ്ശെയെ ഇടംകൈകൊണ്ടു പിടിച്ചു യിസ്രായേലിന്‍റെ വലംകൈക്കു നേരെയുമായി ഇങ്ങനെ രണ്ടു പേരെയും അവന്‍റെ അടുക്കൽ കൊണ്ടുചെന്നു.

14 യിസ്രായേൽ വലംകൈ നീട്ടി ഇളയവനായ എഫ്രയീമിന്‍റെ തലയിലും ഇടംകൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്‍റെ കൈകളെ പിണച്ചുവച്ചു.

15 പിന്നെ അവന്‍ യോസേഫിനെ അനുഗ്രഹിച്ചു: എന്‍റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ ജനിച്ച നാള്‍മുതൽ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്ന ദൈവം,

16 എന്നെ സകല ദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്‍റെ പേരും എന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവര്‍ ഭൂമിയിൽ കൂട്ടമായി വര്‍ധിക്കട്ടെ എന്നു പറഞ്ഞു.

17 അപ്പന്‍ വലംകൈ എഫ്രയീമിന്‍റെ തലയിൽ വച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന് അനിഷ്ടം തോന്നി; അപ്പന്‍റെ കൈ എഫ്രയീമിന്‍റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റി വയ്പാന്‍ പിടിച്ചു.

18 യോസേഫ് അപ്പനോട്: അങ്ങനെയല്ല, എന്‍റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍; ഇവന്‍റെ തലയിൽ വലംകൈ വയ്ക്കേണം എന്നു പറഞ്ഞു.

19 എന്നാൽ അവന്‍റെ അപ്പന്‍ സമ്മതിക്കാതെ എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ധിക്കും; എങ്കിലും അനുജന്‍ അവനെക്കാള്‍ അധികം വര്‍ധിക്കും; അവന്‍റെ സന്തതി ജനസമൂഹമായിത്തീരും എന്നു പറഞ്ഞു.

20 അങ്ങനെ അവന്‍ അന്ന് അവരെ അനുഗ്രഹിച്ചു. ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ എന്ന് യിസ്രായേല്യര്‍ നിന്‍റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും എന്നു പറഞ്ഞ് എഫ്രയീമിനെ മനശ്ശെയ്ക്കു മുമ്പാക്കി.

21 യോസേഫിനോട് യിസ്രായേൽ പറഞ്ഞത്: ഇതാ, ഞാന്‍ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.

22 എന്‍റെ വാളും വില്ലുംകൊണ്ട് ഞാന്‍ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാന്‍ നിന്‍റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.

  • Genesis 47 — previous chapter
  • Genesis 49 — next chapter
  • Genesis 48 — English (KJV)
  • Genesis 48 — English (WEB)
  • Genesis 48 — Tamil (தமிழ்)
  • Genesis 48 — Hindi (हिंदी)
  • Genesis 48 — Kannada (ಕನ್ನಡ)