ഉൽപ്പത്തി 47 (Genesis 47)

Malayalam Bible — Malayalam (മലയാളം)

1 അങ്ങനെ യോസേഫ് ചെന്ന്: എന്‍റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവര്‍ക്കുള്ളതൊക്കെയും കനാന്‍ദേശത്തുനിന്നു വന്നു; ഗോശെന്‍ദേശത്ത് ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.

2 പിന്നെ അവന്‍ തന്‍റെ സഹോദരന്മാരിൽ അഞ്ചു പേരെ കൂട്ടിക്കൊണ്ടു ചെന്നു ഫറവോന്‍റെ സന്നിധിയിൽ നിര്‍ത്തി.

3 അപ്പോള്‍ ഫറവോന്‍ അവന്‍റെ സഹോദരന്മാരോടു നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിച്ചതിന് അവര്‍ ഫറവോനോട്: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാര്‍ ആകുന്നു എന്നു പറഞ്ഞു.

4 ദേശത്തു താമസിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു; കനാന്‍ദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകള്‍ക്കു മേച്ചലില്ല; അടിയങ്ങള്‍ ഗോശെന്‍ദേശത്തു പാര്‍ത്തുകൊള്ളട്ടെ എന്നും അവര്‍ ഫറവോനോടു പറഞ്ഞു.

5 ഫറവോന്‍ യോസേഫിനോട്: നിന്‍റെ അപ്പനും സഹോദരന്മാരും നിന്‍റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.

6 മിസ്രയീംദേശം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ല ഭാഗത്ത് നിന്‍റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ദേശത്തുതന്നെ പാര്‍ത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നുവെങ്കിൽ അവരെ എന്‍റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വയ്ക്കുക എന്നു കല്പിച്ചു.

7 യോസേഫ് തന്‍റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്‍റെ സന്നിധിയിൽ നിര്‍ത്തി, യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു.

8 ഫറവോന്‍ യാക്കോബിനോട്: എത്ര വയസ്സായി എന്നു ചോദിച്ചു.

9 യാക്കോബ് ഫറവോനോട്: എന്‍റെ പരദേശപ്രയാണത്തിന്‍റെ കാലം നൂറ്റിമുപ്പത് സംവത്സരം ആയിരിക്കുന്നു. എന്‍റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്‍റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തിയിട്ടുമില്ല എന്നു പറഞ്ഞു.

10 യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്‍റെ സന്നിധിയിൽനിന്നു പോയി.

11 അനന്തരം യോസേഫ് തന്‍റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ്ദേശത്ത് അവകാശവും കൊടുത്തു.

12 യോസേഫ് തന്‍റെ അപ്പനെയും സഹോദരന്മാരെയും അപ്പന്‍റെ കുടുംബത്തെയൊക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.

13 എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി. മിസ്രയീംദേശവും കനാന്‍ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.

14 ജനങ്ങള്‍ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാന്‍ദേശത്തുമുള്ള പണമൊക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്‍റെ ഗൃഹത്തിൽ കൊണ്ടുവന്നു.

15 മിസ്രയീംദേശത്തും കനാന്‍ദേശത്തും പണം ഇല്ലാതായപ്പോള്‍ മിസ്രയീമ്യരൊക്കെയും യോസേഫിന്‍റെ അടുക്കൽ ചെന്ന്: ഞങ്ങള്‍ക്ക് ആഹാരം തരേണം; ഞങ്ങള്‍ നിന്‍റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.

16 അതിനു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിന്‍; പണം തീര്‍ന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാന്‍ തരാം എന്നു പറഞ്ഞു.

17 അങ്ങനെ അവര്‍ തങ്ങളുടെ കന്നുകാലികളെ യോസേഫിന്‍റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവര്‍ക്ക് ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്ത് അവരെ രക്ഷിച്ചു.

18 ആ ആണ്ടു കഴിഞ്ഞ് പിറ്റേ ആണ്ടിൽ അവര്‍ അവന്‍റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനനു ചേര്‍ന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്‍റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങള്‍ മറയ്ക്കുന്നില്ല.

19 ഞങ്ങളും ഞങ്ങളുടെ നിലവും നിന്‍റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന് അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടെ ഇരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങള്‍ക്കു വിത്ത് തരേണം.

20 അങ്ങനെ യോസേഫ് മിസ്രയീമിലെ നിലമൊക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര്‍ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോനായി.

21 ജനങ്ങളെയോ അവന്‍ മിസ്രയീംദേശത്തിന്‍റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാര്‍പ്പിച്ചു.

22 പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കു ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കു കൊടുത്ത അവകാശംകൊണ്ട് അവര്‍ ഉപജീവനം കഴിച്ചതിനാൽ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.

23 യോസേഫ് ജനങ്ങളോട്: ഞാന്‍ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്‍ക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊള്‍വിന്‍.

24 വിളവെടുക്കുമ്പോള്‍ നിങ്ങള്‍ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിനു വിത്തായിട്ടും നിങ്ങള്‍ക്കും നിങ്ങളുടെ വീടുകളിലുള്ളവര്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആഹാരമായിട്ടും നിങ്ങള്‍ക്കുതന്നെ ഇരിക്കട്ടെ എന്നു പറഞ്ഞു.

25 അതിന് അവര്‍: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങള്‍ ഫറവോന് അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.

26 അഞ്ചിലൊന്നു ഫറവോനു ചെല്ലേണം എന്നിങ്ങനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു വച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോനു ചേര്‍ന്നിട്ടില്ല.

27 യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെന്‍ദേശത്തു പാര്‍ത്തു; അവിടെ അവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്‍ടിയുള്ളവരായി പെരുകിവന്നു.

28 യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്‍റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.

29 യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോള്‍ അവന്‍ തന്‍റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്‍റെ കൈ എന്‍റെ തുടയിന്‍കീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ മിസ്രയീമിൽ അടക്കാതെ,

30 ഞാന്‍ എന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോള്‍ എന്നെ മിസ്രയീമിൽനിന്ന് എടുത്തു കൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്‍റെ കല്പനപ്രകാരം ഞാന്‍ ചെയ്യാം എന്ന് അവന്‍ പറഞ്ഞു.

31 എന്നോടു സത്യം ചെയ്ക എന്ന് അവന്‍ പറഞ്ഞു; അവന്‍ സത്യവും ചെയ്തു; അപ്പോള്‍ യിസ്രായേൽ കട്ടിലിന്‍റെ തലയ്ക്കൽ നമസ്കരിച്ചു.

  • Genesis 46 — previous chapter
  • Genesis 48 — next chapter
  • Genesis 47 — English (KJV)
  • Genesis 47 — English (WEB)
  • Genesis 47 — Tamil (தமிழ்)
  • Genesis 47 — Hindi (हिंदी)
  • Genesis 47 — Kannada (ಕನ್ನಡ)