ഉൽപ്പത്തി 35 (Genesis 35)

Malayalam Bible — Malayalam (മലയാളം)

1 അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാര്‍ക്ക; നിന്‍റെ സഹോദരനായ ഏശാവിന്‍റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.

2 അപ്പോള്‍ യാക്കോബ് തന്‍റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍.

3 നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാര്‍ഥന കേള്‍ക്കയും ഞാന്‍ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാന്‍ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.

4 അങ്ങനെ അവര്‍ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്‍റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിന്‍കീഴിൽ കുഴിച്ചിട്ടു.

5 പിന്നെ അവര്‍ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്‍റെ ഭീതി വീണതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരെ ആരും പിന്‍തുടര്‍ന്നില്ല.

6 യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന്‍ദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.

7 അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്‍റെ സഹോദരന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോള്‍ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവന്‍ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേര്‍ വിളിച്ചു.

8 റിബെക്കായുടെ ധാത്രിയായ ദബോറാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിന്‍കീഴിൽ അടക്കി; അതിന് അല്ലോന്‍-ബാഖൂത്ത് (വിലാപ വൃക്ഷം) എന്നു പേരിട്ടു.

9 യാക്കോബ് പദ്ദന്‍-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.

10 ദൈവം അവനോട്: നിന്‍റെ പേര്‍ യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം എന്നു കല്പിച്ച് അവനു യിസ്രായേൽ എന്നു പേരിട്ടു.

11 ദൈവം പിന്നെയും അവനോട്: ഞാന്‍ സര്‍വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്‍ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽനിന്ന് ഉദ്ഭവിക്കും; രാജാക്കന്മാരും നിന്‍റെ കടിപ്രദേശത്തുനിന്നു പുറപ്പെടും.

12 ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും; നിന്‍റെശേഷം നിന്‍റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിച്ചെയ്തു.

13 അവനോടു സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി.

14 അവന്‍ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂണ്‍ നിര്‍ത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകര്‍ന്നു.

15 ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.

16 അവര്‍ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിനവേദനയുണ്ടായി.

17 അങ്ങനെ പ്രസവത്തിൽ അവള്‍ക്കു കഠിനവേദനയായിരിക്കുമ്പോള്‍ സൂതികര്‍മിണി അവളോട്: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.

18 എന്നാൽ അവള്‍ മരിച്ചുപോയി; ജീവന്‍ പോകുന്ന സമയം അവള്‍ അവനു ബെനോനീ എന്നു പേരിട്ടു; അവന്‍റെ അപ്പനോ അവനു ബെന്യാമീന്‍ എന്നു പേരിട്ടു.

19 റാഹേൽ മരിച്ചിട്ട് അവളെ ബേത്‍ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു.

20 അവളുടെ കല്ലറയിന്മേല്‍ യാക്കോബ് ഒരു തൂണ്‍ നിര്‍ത്തി അതു റാഹേലിന്‍റെ കല്ലറത്തൂണ്‍ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു.

21 പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.

22 യിസ്രായേൽ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്‍റെ അപ്പന്‍റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതു കേട്ടു.

23 യാക്കോബിന്‍റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാര്‍: യാക്കോബിന്‍റെ ആദ്യജാതന്‍ രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍.

24 റാഹേലിന്‍റെ പുത്രന്മാര്‍: യോസേഫും ബെന്യാമീനും.

25 റാഹേലിന്‍റെ ദാസിയായ ബിൽഹായുടെ പുത്രന്മാര്‍: ദാനും നഫ്താലിയും.

26 ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാര്‍: ഗാദും ആശേരും. ഇവര്‍ യാക്കോബിനു പദ്ദന്‍-അരാമിൽവച്ചു ജനിച്ച പുത്രന്മാര്‍.

27 പിന്നെ യാക്കോബ് കിര്യത്തര്‍ബാ എന്ന മമ്രേയിൽ തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്ന ഹെബ്രോന്‍ ഇതുതന്നെ.

28 യിസ്ഹാക്കിന്‍റെ ആയുസ്സ് നൂറ്റെണ്‍പതു സംവത്സരമായിരുന്നു.

29 യിസ്ഹാക് വയോധികനും കാലസമ്പൂര്‍ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്‍റെ ജനത്തോടു ചേര്‍ന്നു; അവന്‍റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അവനെ അടക്കം ചെയ്തു.

  • Genesis 34 — previous chapter
  • Genesis 36 — next chapter
  • Genesis 35 — English (KJV)
  • Genesis 35 — English (WEB)
  • Genesis 35 — Tamil (தமிழ்)
  • Genesis 35 — Hindi (हिंदी)
  • Genesis 35 — Kannada (ಕನ್ನಡ)