ഉൽപ്പത്തി 14 (Genesis 14)

Malayalam Bible — Malayalam (മലയാളം)

1 ശിനാര്‍രാജാവായ അമ്രാഫെൽ, എലാ സാര്‍രാജാവായ അര്യോക്, ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്

2 ഇവര്‍ സൊദോംരാജാവായ ബേര, ഗൊമോറാരാജാവായ ബിര്‍ശ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെര്‍, സോവാര്‍ എന്ന ബേലയിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു.

3 ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അത് ഇപ്പോള്‍ ഉപ്പുകടലാകുന്നു.

4 അവര്‍ പന്ത്രണ്ടു സംവത്സരം കെദൊര്‍ലായോമെരിനു കീഴടങ്ങിയിരുന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.

5 അതുകൊണ്ടു പതിന്നാലാം സംവത്സരത്തിൽ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും

6 ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീര്‍മലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാന്‍വരെ തോല്പിച്ചു.

7 പിന്നെ അവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍മിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍-താമാരിൽ പാര്‍ത്തിരുന്ന അമോര്യരെയുംകൂടെ തോല്പിച്ചു.

8 അപ്പോള്‍ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവാര്‍ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വച്ച്

9 ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാൽ, ശിനാര്‍രാജാവായ അമ്രാഫെൽ, എലാസാര്‍രാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ.

10 സിദ്ദീംതാഴ്വരയിൽ കീൽകുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വതത്തിലേക്ക് ഓടിപ്പോയി.

11 സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവര്‍ എടുത്തു കൊണ്ടുപോയി.

12 അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമിൽ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.

13 ഓടിപ്പോന്ന ഒരുത്തന്‍ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന്‍ എശ്ക്കോലിന്‍റെയും ആനേരിന്‍റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാര്‍ത്തിരുന്നു; അവര്‍ അബ്രാമിനോടു സഖ്യത ചെയ്തവര്‍ ആയിരുന്നു.

14 തന്‍റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍ തന്‍റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍വരെ പിന്തുടര്‍ന്നു.

15 രാത്രിയിൽ അവനും അവന്‍റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്‍റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടര്‍ന്നു.

16 അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.

17 അവന്‍ കെദൊര്‍ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.

18 ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു.

19 അവന്‍ അവനെ അനുഗ്രഹിച്ചു. സ്വര്‍ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;

20 നിന്‍റെ ശത്രുക്കളെ നിന്‍റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.

21 സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊള്‍ക എന്നു പറഞ്ഞു.

22 അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാന്‍ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന്‍ ഞാന്‍ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്‍

23 സ്വര്‍ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.

24 ബാല്യക്കാര്‍ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്‍, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവര്‍ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.

  • Genesis 13 — previous chapter
  • Genesis 15 — next chapter
  • Genesis 14 — English (KJV)
  • Genesis 14 — English (WEB)
  • Genesis 14 — Tamil (தமிழ்)
  • Genesis 14 — Hindi (हिंदी)
  • Genesis 14 — Kannada (ಕನ್ನಡ)