ഉൽപ്പത്തി 13 (Genesis 13)

Malayalam Bible — Malayalam (മലയാളം)

1 ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു.

2 കന്നുകാലി, വെള്ളി, പൊന്ന് ഈവകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു.

3 അവന്‍ തന്‍റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.

4 അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.

5 അബ്രാമിനോടുകൂടെ വന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.

6 അവര്‍ ഒന്നിച്ചു പാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ക്ക് ഒന്നിച്ചു പാര്‍പ്പാന്‍ കഴിഞ്ഞില്ല.

7 അബ്രാമിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.

8 അതുകൊണ്ട് അബ്രാം ലോത്തിനോട്: എനിക്കും നിനക്കും എന്‍റെ ഇടയന്മാര്‍ക്കും നിന്‍റെ ഇടയന്മാര്‍ക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.

9 ദേശമെല്ലാം നിന്‍റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

10 അപ്പോള്‍ ലോത്ത് നോക്കി യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതിനുമുമ്പേ അതു യഹോവയുടെ തോട്ടംപോലെയും സോവാര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.

11 ലോത്ത് യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മിൽ പിരിഞ്ഞു.

12 അബ്രാം കനാന്‍ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കിനീക്കി അടിച്ചു.

13 സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.

14 ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: തല പൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.

15 നീ കാണുന്ന ഭൂമിയൊക്കെയും ഞാന്‍ നിനക്കും നിന്‍റെ സന്തതിക്കും ശാശ്വതമായി തരും.

16 ഞാന്‍ നിന്‍റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കിൽ നിന്‍റെ സന്തതിയെയും എണ്ണാം.

17 നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും.

18 അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാര്‍ത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.

  • Genesis 12 — previous chapter
  • Genesis 14 — next chapter
  • Genesis 13 — English (KJV)
  • Genesis 13 — English (WEB)
  • Genesis 13 — Tamil (தமிழ்)
  • Genesis 13 — Hindi (हिंदी)
  • Genesis 13 — Kannada (ಕನ್ನಡ)