യെഹെസ്കേൽ 38 (Ezekiel 38)

Malayalam Bible — Malayalam (മലയാളം)

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ്ദേശത്തിലെ ഗോഗിന്‍റെ നേരേ നീ മുഖം തിരിച്ച് അവനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്;

3 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

4 ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്‍റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്‍റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്‍വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും

5 അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാര്‍സികള്‍, കൂശ്യര്‍, പൂത്യര്‍,

6 ഗോമെരും അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്‍റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.

7 ഒരുങ്ങിക്കൊള്‍ക! നീയും നിന്‍റെ അടുക്കൽ കൂടിയിരിക്കുന്ന നിന്‍റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊള്‍വിന്‍! നീ അവര്‍ക്കു മേധാവി ആയിരിക്ക.

8 ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപര്‍വതങ്ങളിൽ തന്നെ; എന്നാൽ അവര്‍ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിര്‍ഭയമായി വസിക്കും.

9 നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.

10 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്‍റെ ഹൃദയത്തിൽ ചില ആലോചനകള്‍ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും;

11 മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിനും കവര്‍ച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്‍റെ നേരേയും കൈ നീട്ടേണ്ടതിനും

12 ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിര്‍ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാന്‍ ചെല്ലും എന്നും നീ പറയും.

13 ശേബയും ദെദാനും തര്‍ശ്ശീശ്‍വര്‍ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോട്: നീ കൊള്ളയിടുവാനോ വന്നത്? കവര്‍ച്ച ചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്‍റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത് എന്നു പറയും.

14 ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേൽ നിര്‍ഭയമായി വസിക്കുന്ന അന്നാളിൽ നീ അത് അറികയില്ലയോ?

15 നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്‍റെ ദിക്കിൽനിന്ന്, വടക്കേ അറ്റത്തുനിന്നു തന്നെ, വരും.

16 ദേശത്തെ മറയ്ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്‍റെ ജനമായ യിസ്രായേലിന്‍റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിനു ഞാന്‍ നിന്നെ എന്‍റെ ദേശത്തിന്‍റെ നേരേ വരുത്തും.

17 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്ത് അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്‍റെ ദാസന്മാര്‍ മുഖാന്തരം ഞാന്‍ അന്ന് അരുളിച്ചെയ്തത് നിന്നെക്കുറിച്ചല്ലയോ?

18 യിസ്രായേൽദേശത്തിനു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്‍റെ ക്രോധം എന്‍റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

19 അന്നാളിൽ നിശ്ചയമായിട്ടു യിസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.

20 അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകല മനുഷ്യരും എന്‍റെ സന്നിധിയിൽ വിറയ്ക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.

21 ഞാന്‍ എന്‍റെ സകല പര്‍വതങ്ങളോടും അവന്‍റെ നേരേ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; ഓരോരുത്തന്‍റെ വാള്‍ അവനവന്‍റെ സഹോദരനു വിരോധമായിരിക്കും.

22 ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്‍റെമേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും.

23 ഇങ്ങനെ ഞാന്‍ എന്നെത്തന്നെ മഹത്ത്വീകരിക്കയും എന്നെത്തന്നെ വിശുദ്ധീകരിക്കയും പല ജാതികളും കാണ്‍കെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ഞാന്‍ യഹോവ എന്ന് അവര്‍ അറികയും ചെയ്യും.

  • Ezekiel 37 — previous chapter
  • Ezekiel 39 — next chapter
  • Ezekiel 38 — English (KJV)
  • Ezekiel 38 — English (WEB)
  • Ezekiel 38 — Tamil (தமிழ்)
  • Ezekiel 38 — Hindi (हिंदी)
  • Ezekiel 38 — Kannada (ಕನ್ನಡ)