യെഹെസ്കേൽ 37 (Ezekiel 37)

Malayalam Bible — Malayalam (മലയാളം)

1 യഹോവയുടെ കൈ എന്‍റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികള്‍കൊണ്ടു നിറഞ്ഞിരുന്നു.

2 അവന്‍ എന്നെ അവയുടെ ഇടയിൽക്കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.

3 അവന്‍ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാന്‍: യഹോവയായ കര്‍ത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു.

4 അവന്‍ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍!

5 യഹോവയായ കര്‍ത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജീവിക്കേണ്ടതിനു ഞാന്‍ നിങ്ങളിൽ ശ്വാസം വരുത്തും.

6 ഞാന്‍ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

7 എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു; ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നു.

8 പിന്നെ ഞാന്‍ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.

9 അപ്പോള്‍ അവന്‍ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാര്‍ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക.

10 അവന്‍ എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ശ്വാസം അവരിൽ വന്നു; അവര്‍ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിര്‍ന്നുനിന്നു.

11 പിന്നെ അവന്‍ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ യിസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നു, ഞങ്ങള്‍ തീരെ മുടിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറയുന്നു.

12 അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.

13 അങ്ങനെ എന്‍റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

14 നിങ്ങള്‍ ജീവിക്കേണ്ടതിനു ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാട്.

15 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

16 മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്ത് അതിന്മേൽ: യെഹൂദായ്ക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേൽമക്കള്‍ക്കും എന്ന് എഴുതിവയ്ക്ക; പിന്നെ മറ്റൊരു കോൽ എടുത്ത് അതിന്മേൽ: എഫ്രയീമിന്‍റെ കോലായ യോസേഫിനും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെക്കും എന്ന് എഴുതിവയ്ക്ക.

17 പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുക; അവ നിന്‍റെ കൈയിൽ ഒന്നായിത്തീരും.

18 ഇതിന്‍റെ താൽപര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്‍റെ സ്വജാതിക്കാര്‍ നിന്നോടു ചോദിക്കുമ്പോള്‍,

19 നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാന്‍ എഫ്രയീമിന്‍റെ കൈയിലുള്ള യോസേഫിന്‍ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദായുടെ കോലിനോടുതന്നെ, ചേര്‍ത്ത് ഒരു കോലാക്കും; അവര്‍ എന്‍റെ കൈയിൽ ഒന്നായിരിക്കും.

20 നീ എഴുതിയ കോലുകള്‍ അവര്‍ കാണ്‍കെ നിന്‍റെ കൈയിൽ ഇരിക്കേണം.

21 പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേൽമക്കളെ അവര്‍ ചെന്നുചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.

22 ഞാന്‍ അവരെ ദേശത്ത്, യിസ്രായേൽപര്‍വതങ്ങളിൽ തന്നെ, ഏകജാതിയാക്കും; ഒരേ രാജാവ് അവര്‍ക്കെല്ലാവര്‍ക്കും രാജാവായിരിക്കും, അവര്‍ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.

23 അവര്‍ ഇനി വിഗ്രഹങ്ങളാലും മേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നെ മലിനമാക്കുകയില്ല; അവര്‍ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.

24 എന്‍റെ ദാസനായ ദാവീദ് അവര്‍ക്കു രാജാവായിരിക്കും; അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഇടയന്‍ ഉണ്ടാകും; അവര്‍ എന്‍റെ വിധികളിൽ നടന്ന് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.

25 എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്ത് അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്‍റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്ക് പ്രഭുവായിരിക്കും.

26 ഞാന്‍ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവര്‍ക്ക് ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്‍റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.

27 എന്‍റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.

28 എന്‍റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോള്‍ ഞാന്‍ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള്‍ അറിയും.

  • Ezekiel 36 — previous chapter
  • Ezekiel 38 — next chapter
  • Ezekiel 37 — English (KJV)
  • Ezekiel 37 — English (WEB)
  • Ezekiel 37 — Tamil (தமிழ்)
  • Ezekiel 37 — Hindi (हिंदी)
  • Ezekiel 37 — Kannada (ಕನ್ನಡ)