യെഹെസ്കേൽ 30 (Ezekiel 30)

Malayalam Bible — Malayalam (മലയാളം)

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ടദിവസം! എന്നു മുറയിടുവിന്‍.

3 നാള്‍ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നെ ആയിരിക്കും.

4 മിസ്രയീമിന്‍റെ നേരേ വാള്‍ വരും; മിസ്രയീമിൽ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്ത് അപഹരിക്കയും അതിന്‍റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശിൽ അതിവേദനയുണ്ടാകും.

5 കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപ്പെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടു വീഴും.

6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവര്‍ വീഴും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; സെവേനെഗോപുരംമുതൽ അവര്‍ വാള്‍കൊണ്ടു വീഴും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

7 അവര്‍ ശൂന്യദേശങ്ങളുടെ മധ്യേ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.

8 ഞാന്‍ മിസ്രയീമിനു തീ വച്ചിട്ട് അതിന്‍റെ സഹായക്കാരൊക്കെയും തകര്‍ന്നുപോകുമ്പോള്‍ ഞാന്‍ യഹോവയെന്ന് അവര്‍ അറിയും.

9 ആ നാളിൽ ദൂതന്മാര്‍ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിനു കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോള്‍ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവര്‍ക്ക് അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.

10 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയാൽ മിസ്രയീമിന്‍റെ പുരുഷാരത്തെ ഇല്ലാതാക്കും.

11 ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും; അവര്‍ മിസ്രയീമിന്‍റെ നേരേ വാള്‍ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.

12 ഞാന്‍ നദികളെ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാര്‍ക്ക് വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.

13 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂര്‍ത്തികളെ നോഫിൽനിന്ന് ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്ന് ഒരു പ്രഭു ഉദ്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.

14 ഞാന്‍ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും; നോവിൽ ന്യായവിധി നടത്തും,

15 മിസ്രയീമിന്‍റെ കോട്ടയായ സീനിൽ ഞാന്‍ എന്‍റെ ക്രോധം പകരും; ഞാന്‍ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.

16 ഞാന്‍ മിസ്രയീമിനു തീ വയ്ക്കും; സീന്‍ അതിവേദനയിൽ ആകും; നോവ് പിളര്‍ന്നുപോകും; നോഫിനു പകൽസമയത്തു വൈരികള്‍ ഉണ്ടാകും.

17 ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാര്‍ വാള്‍കൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.

18 ഞാന്‍ മിസ്രയീമിന്‍റെ നുകം ഒടിച്ച് അവളുടെ ബലത്തിന്‍റെ പ്രതാപം ഇല്ലാതാക്കുമ്പോള്‍ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.

19 ഇങ്ങനെ ഞാന്‍ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

20 പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

21 മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്‍റെ ഭുജത്തെ ഞാന്‍ ഒടിച്ചിരിക്കുന്നു; അതു വാള്‍ പിടിപ്പാന്‍ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്നുവച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.

22 അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മിസ്രയീംരാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാന്‍ അവന്‍റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; വാളിനെ ഞാന്‍ അവന്‍റെ കൈയിൽനിന്നു വീഴിച്ചുകളകയും ചെയ്യും.

23 ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.

24 ഞാന്‍ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തി എന്‍റെ വാളിനെ അവന്‍റെ കൈയിൽ കൊടുക്കും; ഫറവോന്‍റെ ഭുജങ്ങളെയോ ഞാന്‍ ഒടിച്ചുകളയും; മുറിവേറ്റവന്‍ ഞരങ്ങുന്നതുപോലെ അവന്‍ അവന്‍റെ മുമ്പിൽ ഞരങ്ങും.

25 ഇങ്ങനെ ഞാന്‍ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്‍റെ ഭുജങ്ങള്‍ വീണുപോകും; ഞാന്‍ എന്‍റെ വാളിനെ ബാബേൽരാജാവിന്‍റെ കൈയിൽ കൊടുത്തിട്ട് അവന്‍ അതിനെ മിസ്രയീംദേശത്തിന്‍റെ നേരേ ഓങ്ങുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

26 ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

  • Ezekiel 29 — previous chapter
  • Ezekiel 31 — next chapter
  • Ezekiel 30 — English (KJV)
  • Ezekiel 30 — English (WEB)
  • Ezekiel 30 — Tamil (தமிழ்)
  • Ezekiel 30 — Hindi (हिंदी)
  • Ezekiel 30 — Kannada (ಕನ್ನಡ)