യെഹെസ്കേൽ 29 (Ezekiel 29)

Malayalam Bible — Malayalam (മലയാളം)

1 പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

2 മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്‍റെ നേരേ മുഖംതിരിച്ച് അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചുപറയേണ്ടതെന്തെന്നാൽ:

3 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവിൽ കിടന്ന്: ഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.

4 ഞാന്‍ നിന്‍റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്‍റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്‍റെ നദികളിലെ മത്സ്യമൊക്കെയും നിന്‍റെ ചെതുമ്പലിൽ പറ്റിയിരിക്കും.

5 ഞാന്‍ നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെയൊക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാന്‍ നിന്നെ കാട്ടുമൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും ഇരയായി കൊടുക്കും.

6 മിസ്രയീംനിവാസികള്‍ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് അവരൊക്കെയും ഞാന്‍ യഹോവ എന്ന് അറിയും.

7 അവര്‍ നിന്നെ കൈയിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞ് അവരുടെ തോള്‍ ഒക്കെയും കീറിക്കളഞ്ഞു; അവര്‍ ഊന്നിയപ്പോഴേക്ക് നീ ഒടിഞ്ഞ് അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.

8 അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ നേരേ വാള്‍ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.

9 മിസ്രയീംദേശം പാഴും ശൂന്യവുമായിത്തീരും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞുവല്ലോ.

10 അതുകൊണ്ടു ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും വിരോധമായിരുന്ന് മിസ്രയീംദേശത്തെ സെവേനെഗോപുരംമുതൽ കൂശിന്‍റെ അതിര്‍ത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.

11 മനുഷ്യന്‍റെ കാൽ അതിൽക്കൂടി കടന്നുപോകയില്ല; മൃഗത്തിന്‍റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പത് സംവത്സരത്തേക്ക് അതിൽ നിവാസികള്‍ ഇല്ലാതെയിരിക്കും.

12 ഞാന്‍ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.

13 യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാന്‍ മിസ്രയീമ്യരെ അവര്‍ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.

14 ഞാന്‍ മിസ്രയീമിന്‍റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ്ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര്‍ ഒരു ഹീനരാജ്യമായിരിക്കും.

15 അതു രാജ്യങ്ങളിൽവച്ച് അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേൽ വാഴാതവണ്ണം ഞാന്‍ അവരെ കുറച്ചുകളയും.

16 യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോള്‍, അത് ഇനി അവരുടെ അകൃത്യം ഓര്‍പ്പിക്കുന്നതായൊരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്ന് അവര്‍ അറിയും.

17 ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:

18 മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസര്‍ സോരിന്‍റെ നേരേ തന്‍റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തോലുരിഞ്ഞു പോയി; എങ്കിലും സോരിനു വിരോധമായി ചെയ്ത വേലയ്ക്ക് അവനോ അവന്‍റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.

19 അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവന്‍ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ടു കവര്‍ച്ചചെയ്യും; അത് അവന്‍റെ സൈന്യത്തിനു പ്രതിഫലമായിരിക്കും.

20 ഞാന്‍ അവനു മിസ്രയീംദേശത്തെ അവന്‍ ചെയ്ത വേലയ്ക്കു പ്രതിഫലമായി കൊടുക്കുന്നു; അവര്‍ എനിക്കായിട്ടല്ലോ പ്രവര്‍ത്തിച്ചത് എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.

21 അന്നാളിൽ ഞാന്‍ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളയ്ക്കുമാറാക്കി അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.

  • Ezekiel 28 — previous chapter
  • Ezekiel 30 — next chapter
  • Ezekiel 29 — English (KJV)
  • Ezekiel 29 — English (WEB)
  • Ezekiel 29 — Tamil (தமிழ்)
  • Ezekiel 29 — Hindi (हिंदी)
  • Ezekiel 29 — Kannada (ಕನ್ನಡ)