പുറപ്പാട് 30 (Exodus 30)

Malayalam Bible — Malayalam (മലയാളം)

1 ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ട് അത് ഉണ്ടാക്കേണം.

2 അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്‍റെ കൊമ്പുകള്‍ അതിൽനിന്നുതന്നെ ആയിരിക്കേണം.

3 അതിന്‍റെ മേല്‍പ്പലകയും ചുറ്റും അതിന്‍റെ പാര്‍ശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.

4 ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ അതിന്‍റെ വക്കിനു കീഴെ ഇരുപുറത്തും ഈരണ്ടു പൊന്‍വളയവും ഉണ്ടാക്കേണം. അതിന്‍റെ രണ്ടു പാര്‍ശ്വത്തിലും അവയെ ഉണ്ടാക്കേണം.

5 തണ്ടുകള്‍ ഖദിരമരംകൊണ്ടുണ്ടാക്കി പൊന്നു പൊതിയേണം.

6 സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പിലും ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്‍റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം.

7 അഹരോന്‍ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം.

8 അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.

9 നിങ്ങള്‍ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അര്‍പ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.

10 സംവത്സരത്തിൽ ഒരിക്കൽ അഹരോന്‍ അതിന്‍റെ കൊമ്പുകള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്‍റെ രക്തംകൊണ്ട് അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.

11 യഹോവ പിന്നെയും മോശെയോടു കല്പിച്ചതെന്തെന്നാൽ:

12 യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോള്‍ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരിൽ ഓരോരുത്തന്‍ താന്താന്‍റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കേണം.

13 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്കു വഴിപാട് ആയിരിക്കേണം.

14 എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിനു മീതെയുമുള്ളവനെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കേണം.

15 നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ നിങ്ങള്‍ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോള്‍ ധനവാന്‍ അര ശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രന്‍ കുറച്ചു കൊടുക്കയും അരുത്.

16 ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്‍റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കള്‍ക്കുവേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.

17 യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:

18 കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മധ്യേവച്ച് അതിൽ വെള്ളം ഒഴിക്കേണം.

19 അതിങ്കൽ അഹരോനും അവന്‍റെ പുത്രന്മാരും കൈയും കാലും കഴുകേണം.

20 അവര്‍ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം.

21 അവര്‍ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അത് അവര്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

22 യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:

23 മേത്തരമായ സുഗന്ധവര്‍ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും

24 അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്ത്

25 തൈലക്കാരന്‍റെ വിദ്യപ്രകാരം ചേര്‍ത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേകതൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം.

26 അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും

27 മേശയും അതിന്‍റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്‍റെ ഉപകരണങ്ങളും ധൂപപീഠവും

28 ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്യേണം.

29 അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.

30 അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.

31 യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.

32 അതു മനുഷ്യന്‍റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്‍റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങള്‍ ഉണ്ടാക്കുകയും അരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം.

33 അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യനു കൊടുക്കുന്നവനെയും അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

34 യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവര്‍ഗവും നിര്‍മ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.

35 അതിൽ ഉപ്പും ചേര്‍ത്തു തൈലക്കാരന്‍റെ വിദ്യപ്രകാരം നിര്‍മ്മലവും വിശുദ്ധവുമായ ധൂപവര്‍ഗമാക്കേണം.

36 നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിനു മുമ്പാകെ വയ്ക്കേണം; അതു നിങ്ങള്‍ക്ക് അതിവിശുദ്ധമായിരിക്കേണം.

37 ഈ ഉണ്ടാക്കുന്ന ധൂപവര്‍ഗത്തിന്‍റെ യോഗത്തിന് ഒത്തതായി നിങ്ങള്‍ക്ക് ഉണ്ടാക്കരുത്; അത് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.

38 മണക്കേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.

  • Exodus 29 — previous chapter
  • Exodus 31 — next chapter
  • Exodus 30 — English (KJV)
  • Exodus 30 — English (WEB)
  • Exodus 30 — Tamil (தமிழ்)
  • Exodus 30 — Hindi (हिंदी)
  • Exodus 30 — Kannada (ಕನ್ನಡ)