ആവർത്തനം 23 (Deuteronomy 23)

Malayalam Bible — Malayalam (മലയാളം)

1 ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

2 കൗലടേയന്‍ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്‍റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.

4 നിങ്ങള്‍ മിസ്രയീമിൽനിന്നു വരുമ്പോള്‍ അവര്‍ അപ്പവും വെള്ളവുംകൊണ്ട് വഴിയിൽ നിങ്ങളെ വന്നെതിരേല്ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ അവര്‍ മെസൊപ്പൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്‍റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്ക് വിളിപ്പിച്ചതുകൊണ്ടും തന്നെ.

5 എന്നാൽ ബിലെയാമിനു ചെവികൊടുപ്പാന്‍ നിന്‍റെ ദൈവമായ യഹോവയ്ക്കു മനസ്സില്ലായിരുന്നു; നിന്‍റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് നിന്‍റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീര്‍ത്തു.

6 ആകയാൽ നിന്‍റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും ഗുണത്തിനും വേണ്ടി ചിന്തിക്കരുത്.

7 എദോമ്യനെ വെറുക്കരുത്; അവന്‍ നിന്‍റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്‍റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.

8 മൂന്നാം തലമുറയായി അവര്‍ക്കു ജനിക്കുന്ന മക്കള്‍ക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.

9 ശത്രുക്കള്‍ക്കു നേരേ പാളയമിറങ്ങുമ്പോള്‍ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാന്‍ നീ സൂക്ഷിച്ചുകൊള്ളേണം.

10 രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായിത്തീര്‍ന്ന ഒരുത്തന്‍ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവന്‍ പാളയത്തിനു പുറത്തുപോകേണം; പാളയത്തിനകത്തു വരരുത്.

11 സന്ധ്യയാകുമ്പോള്‍ അവന്‍ വെള്ളത്തിൽ കുളിക്കേണം; സൂര്യന്‍ അസ്തമിച്ചിട്ട് അവനു പാളയത്തിനകത്തു വരാം.

12 ബാഹ്യത്തിനു പോകുവാന്‍ നിനക്ക് ഒരു സ്ഥലം പാളയത്തിനു പുറത്ത് ഉണ്ടായിരിക്കേണം.

13 നിന്‍റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന് ഇരിക്കുമ്പോള്‍ അതിനാൽ കുഴിച്ചു നിന്‍റെ വിസര്‍ജ്ജനം മൂടിക്കളയേണം.

14 നിന്‍റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്‍റെ പാളയത്തിന്‍റെ മധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ട് അവന്‍ നിന്നെ വിട്ടകലാതിരിപ്പാന്‍ നിന്‍റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

15 യജമാനനെ വിട്ട് നിന്‍റെ അടുക്കൽ ശരണം പ്രാപിപ്പാന്‍ വന്ന ദാസനെ യജമാനന്‍റെ കൈയിൽ ഏല്പിക്കരുത്.

16 അവന്‍ നിങ്ങളുടെ ഇടയിൽ നിന്‍റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാര്‍ക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുത്.

17 യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.

18 വേശ്യയുടെ കൂലിയും നായുടെ വിലയും നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരരുത്; ഇവ രണ്ടും നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.

19 പണത്തിനോ, ആഹാരത്തിനോ, വായ്പ കൊടുക്കുന്ന യാതൊരു വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.

20 അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നീ തൊടുന്നതിലൊക്കെയും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോടു പലിശ വാങ്ങരുത്.

21 നിന്‍റെ ദൈവമായ യഹോവയ്ക്ക് നേര്‍ച്ച നേര്‍ന്നാൽ അതു നിവര്‍ത്തിപ്പാന്‍ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്‍റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.

22 നേരാതിരിക്കുന്നതു പാപം ആകയില്ല.

23 നിന്‍റെ നാവിന്മേൽനിന്നു വീണതു നിവര്‍ത്തിക്കയും വായ്കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്‍റെ ദൈവമായ യഹോവയ്ക്കു നേര്‍ന്നതുപോലെ നിവര്‍ത്തിക്കയും വേണം.

24 കൂട്ടുകാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള്‍ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്‍റെ പാത്രത്തിൽ ഇടരുത്.

25 കൂട്ടുകാരന്‍റെ വിളഭൂമിയിൽക്കൂടി പോകുമ്പോള്‍ നിനക്കു കൈകൊണ്ട് കതിര്‍ പറിക്കാം; എങ്കിലും കൂട്ടുകാരന്‍റെ വിളവിൽ അരിവാള്‍ വയ്ക്കരുത്.

  • Deuteronomy 22 — previous chapter
  • Deuteronomy 24 — next chapter
  • Deuteronomy 23 — English (KJV)
  • Deuteronomy 23 — English (WEB)
  • Deuteronomy 23 — Tamil (தமிழ்)
  • Deuteronomy 23 — Hindi (हिंदी)
  • Deuteronomy 23 — Kannada (ಕನ್ನಡ)