ആവർത്തനം 14 (Deuteronomy 14)

Malayalam Bible — Malayalam (മലയാളം)

1 നിങ്ങള്‍ നിങ്ങളുടെ ദൈവമായയ ഹോവയ്ക്ക് മക്കള്‍ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങള്‍ക്ക് മുന്‍കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.

2 നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

3 മ്ലേച്ഛമായതൊന്നിനെയും തിന്നരുത്.

4 നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിത്:

5 കാള, ചെമ്മരിയാട്, കോലാട്, കലമാന്‍, പുള്ളിമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, മലയാട്, കവരിമാന്‍.

6 മൃഗങ്ങളിൽ കുളമ്പ് പിളര്‍ന്നതും കുളമ്പ് രണ്ടായിപ്പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.

7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴിമുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്ക് അശുദ്ധം.

8 പന്നി: അതു കുളമ്പ് പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങള്‍ക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; പിണം തൊടുകയും അരുത്.

9 വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങള്‍ക്കു തിന്നാം.

10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങള്‍ക്ക് അശുദ്ധം.

11 ശുദ്ധിയുള്ള സകല പക്ഷികളെയും നിങ്ങള്‍ക്കു തിന്നാം.

12 പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചന്‍, ചെമ്പരുന്ത്, കഴുകന്‍,

13 ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, അതതുവിധം പരുന്ത്,

14 അതതുവിധം കാക്ക,

15 ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയന്‍,

16 നത്ത്, കൂമന്‍, മൂങ്ങ,

17 വേഴാമ്പൽ, കുടുമ്മച്ചാത്തന്‍, നീര്‍ക്കാക്ക,

18 പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീര്‍ എന്നിവയാകുന്നു.

19 ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്‍ക്ക് അശുദ്ധം; അവയെ തിന്നരുത്.

20 ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.

21 താനേ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന്‍ കൊടുക്കാം; അല്ലെങ്കിൽ അന്യജാതിക്കാരനു വില്ക്കാം; നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.

22 ആണ്ടുതോറും നിലത്തു വിതച്ചുണ്ടാകുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവയ്ക്കേണം.

23 നിന്‍റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്‍റെ ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും എണ്ണയുടെയും ദശാംശവും നിന്‍റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്‍റെ സന്നിധിയിൽവച്ചു തിന്നേണം.

24 നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോള്‍ നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതു കൊണ്ടുപോകുവാന്‍ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ

25 അതു വിറ്റു പണമാക്കി പണം കൈയിൽ എടുത്ത് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.

26 നിന്‍റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് തിന്ന് നീയും നിന്‍റെ കുടുംബവും സന്തോഷിക്കേണം.

27 നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.

28 മുമ്മൂന്ന് ആണ്ടു കൂടുമ്പോള്‍ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്‍റെ ദശാംശമൊക്കെയും വേര്‍തിരിച്ച് നിന്‍റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം.

29 നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് നിന്നോടു കൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

  • Deuteronomy 13 — previous chapter
  • Deuteronomy 15 — next chapter
  • Deuteronomy 14 — English (KJV)
  • Deuteronomy 14 — English (WEB)
  • Deuteronomy 14 — Tamil (தமிழ்)
  • Deuteronomy 14 — Hindi (हिंदी)
  • Deuteronomy 14 — Kannada (ಕನ್ನಡ)