ആവർത്തനം 13 (Deuteronomy 13)

Malayalam Bible — Malayalam (മലയാളം)

1 ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍; അതിനോടു കൂട്ടരുത്; അതിൽനിന്നു കുറയ്ക്കയും അരുത്.

2 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:

3 നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ട് ഒരു അടയാളമോ അദ്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അദ്ഭുതമോ സംഭവിക്കയും ചെയ്താൽ

4 ആ പ്രവാചകന്‍റെയോ സ്വപ്നക്കാരന്‍റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ നിങ്ങള്‍ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.

5 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്‍റെ കല്പന പ്രമാണിച്ച് അവന്‍റെ വാക്ക് കേള്‍ക്കയും അവനെ സേവിച്ച് അവനോടു ചേര്‍ന്നിരിക്കയും വേണം.

6 ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിനു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മധ്യേനിന്നു ദോഷം നീക്കിക്കളയേണം.

7 നിങ്ങളുടെ ചുറ്റും ദേശത്തിന്‍റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവച്ച്

8 നീയോ നിന്‍റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്‍റെ അമ്മയുടെ മകനായ നിന്‍റെ സഹോദരനോ നിന്‍റെ മകനോ മകളോ നിന്‍റെ മാര്‍വിടത്തിലുള്ള ഭാര്യയോ നിന്‍റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിപ്പാന്‍ നോക്കിയാൽ

9 അവനോടു യോജിക്കയോ അവന്‍റെ വാക്ക് കേള്‍ക്കയോ ചെയ്യരുത്; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ച് അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.

10 അവനെ കൊല്ലേണ്ടതിന് ആദ്യം നിന്‍റെ കൈയും പിന്നെ സര്‍വജനത്തിന്‍റെ കൈയും അവന്‍റെമേൽ ചെല്ലേണം.

11 അടിമവീടായ മിസ്രയീംദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളവാന്‍ അവന്‍ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലറിഞ്ഞു കൊല്ലേണം.

12 ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാന്‍ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.

13 നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര്‍ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന്

14 നിന്‍റെ ദൈവമായ യഹോവ നിനക്കു പാര്‍പ്പാന്‍ തന്നിട്ടുള്ള നിന്‍റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ

15 നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ

16 നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്‍റെ വായ്ത്തലയാൽ കൊന്ന് അതും അതിലുള്ളതൊക്കെയും അതിലെ മൃഗങ്ങളെയും വാളിന്‍റെ വായ്ത്തലയാൽ ശപഥാര്‍പ്പിതമായി സംഹരിക്കേണം.

17 അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്‍റെ ദൈവമായ യഹോവയ്ക്കായി തീയിട്ടു ചുട്ടുകളയേണം; അത് എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.

18 നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് കേട്ടു ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും പ്രമാണിച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട്

19 യഹോവ തന്‍റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്‍ധിപ്പിക്കേണ്ടതിനും ശപഥാര്‍പ്പിതമായ യാതൊന്നും നിന്‍റെ കൈയിൽ പറ്റിയിരിക്കരുത്.

  • Deuteronomy 12 — previous chapter
  • Deuteronomy 14 — next chapter
  • Deuteronomy 13 — English (KJV)
  • Deuteronomy 13 — English (WEB)
  • Deuteronomy 13 — Tamil (தமிழ்)
  • Deuteronomy 13 — Hindi (हिंदी)
  • Deuteronomy 13 — Kannada (ಕನ್ನಡ)