അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 24 (Acts 24)

Malayalam Bible — Malayalam (മലയാളം)

1 അഞ്ചു നാള്‍ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെര്‍ത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൗലൊസിന്‍റെ നേരേ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.

2 അവനെ വിളിച്ചാറെ തെര്‍ത്തുല്ലൊസ് അന്യായം വിവരിച്ചുപറഞ്ഞതെന്തെന്നാല്‍:

3 രാജശ്രീ ഫേലിക്സേ, നീ മുഖാന്തരം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നതും നിന്‍റെ പരിപാലനത്താല്‍ ഈ ജാതിക്ക് ഏറിയ ഗുണീകരണങ്ങള്‍ സാധിച്ചിരിക്കുന്നതും ഞങ്ങള്‍ എപ്പോഴും എല്ലായിടത്തും പൂര്‍ണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു.

4 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്ന് അപേക്ഷിക്കുന്നു.

5 ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായ മതത്തിനു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.

6 അവന്‍ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള്‍ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന്‍ വിചാരിച്ചു.

7 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടെ വന്ന് അവനെ ഞങ്ങളുടെ കൈയില്‍നിന്നു പിടിച്ചു കൊണ്ടുപോയി.

8 അവന്‍റെ വാദികള്‍ നിന്‍റെ മുമ്പാകെ വരുവാന്‍ കല്പിച്ചു.] നീ തന്നെ അവനെ വിസ്തരിച്ചാല്‍ ഞങ്ങള്‍ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്‍വാന്‍ ഇടയാകും.

9 അത് അങ്ങനെതന്നെ എന്ന് യെഹൂദന്മാരും യോജിച്ചു പറഞ്ഞു.

10 സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞത്: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറികകൊണ്ട് എന്‍റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.

11 ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്ക് അറിയാവുന്നതാകുന്നു.

12 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോ വച്ച് ആരോടും വാദിക്കയെങ്കിലും പുരുഷാരത്തില്‍ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നതായി അവര്‍ എന്നെ കണ്ടിട്ടില്ല.

13 ഇന്ന് എന്‍റെ നേരേ ബോധിപ്പിക്കുന്ന അന്യായം നിന്‍റെ മുമ്പാകെ തെളിയിപ്പാന്‍ അവര്‍ക്കു കഴിയുന്നതുമല്ല.

14 എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവര്‍ പറയുന്ന മാര്‍ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതൊക്കെയും വിശ്വസിക്കയും ചെയ്യുന്നു.

15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല്‍ ആശവച്ചിരിക്കുന്നു.

16 അതുകൊണ്ട് എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.

17 പല സംവത്‍സരം കൂടിയിട്ട് ഞാന്‍ എന്‍റെ ജാതിക്കാര്‍ക്ക് ധര്‍മം കൊണ്ടുവരുവാനും വഴിപാട് കഴിപ്പാനുംവന്നു.

18 അത് അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍ വച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടുകൂടിയല്ല, കലഹത്തോടുകൂടിയുമല്ല.

19 എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്ക് എന്‍റെ നേരേ അന്യായം ഉണ്ടെങ്കില്‍ നിന്‍റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.

20 അല്ല, ഞാന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു എന്നു ഞാന്‍ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ

21 അവിടെ വച്ച് എന്‍റെ പക്കല്‍ വല്ല കുറ്റവുംകണ്ടിട്ടുണ്ടെങ്കില്‍ ഇവര്‍തന്നെ പറയട്ടെ.

22 ഫേലിക്സിന് ഈ മാര്‍ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപന്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളുടെ കാര്യം തീര്‍ച്ചപ്പെടുത്തും എന്നു പറഞ്ഞ് അവധിവച്ച്,

23 ശതാധിപനോട് അവനെ തടവില്‍തന്നെ സൂക്ഷിച്ച് ദയ കാണിപ്പാനും അവന്‍റെ സ്നേഹിതന്മാര്‍ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.

24 കുറെനാള്‍ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദാസ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൗലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവന്‍റെ പ്രസംഗം കേട്ടു.

25 എന്നാല്‍ അവന്‍ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായി: തല്ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.

26 പൗലൊസ് തനിക്ക് ദ്രവ്യം തരും എന്ന് ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു.

27 രണ്ടാണ്ടു കഴിഞ്ഞിട്ട് ഫേലിക്സിന് പിന്‍വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വച്ച് പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

  • Acts 23 — previous chapter
  • Acts 25 — next chapter
  • Acts 24 — English (KJV)
  • Acts 24 — English (WEB)
  • Acts 24 — Tamil (தமிழ்)
  • Acts 24 — Hindi (हिंदी)
  • Acts 24 — Kannada (ಕನ್ನಡ)