അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 23 (Acts 23)

Malayalam Bible — Malayalam (മലയാളം)

1 പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാന്‍ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്‍റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.

2 അപ്പോള്‍ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്‍റെ വായ്ക്ക് അടിപ്പാന്‍ കല്പിച്ചു.

3 പൗലൊസ് അവനോട്: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.

4 അരികെ നില്ക്കുന്നവര്‍: നീ ദൈവത്തിന്‍റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്ന് ചോദിച്ചു.

5 അതിന് പൗലൊസ്: സഹോദരന്മാരേ, മഹാപുരോഹിതന്‍ എന്ന് ഞാന്‍ അറിഞ്ഞില്ല; “നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത് എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.

6 എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരുപക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചുപറഞ്ഞു.

7 അവന്‍ ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സദൂക്യരും തമ്മില്‍ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

8 പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യര്‍ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നും പ്രമാണിക്കുന്നു.

9 അങ്ങനെ വലിയൊരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റ് വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോട് സംസാരിച്ചു എന്ന് വന്നേക്കാം എന്നു പറഞ്ഞു.

10 അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ട് അവര്‍ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്ന് അവനെ അവരുടെ നടുവില്‍നിന്ന് പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.

11 രാത്രിയില്‍ കര്‍ത്താവ് അവന്‍റെ അടുക്കല്‍നിന്ന്: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്ന് അരുളിച്ചെയ്തു.

12 നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.

13 ഈ ശപഥം ചെയ്തവര്‍ നാല്പതില്‍ അധികം പേര്‍ ആയിരുന്നു.

14 അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നു: ഞങ്ങള്‍ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.

15 ആകയാല്‍ നിങ്ങള്‍ അവന്‍റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിന്‍; എന്നാല്‍ അവന്‍ സമീപിക്കും മുമ്പേ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

16 ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്‍റെ പെങ്ങളുടെ മകന്‍ കേട്ടിട്ടു ചെന്നു കോട്ടയില്‍ കടന്നു പൗലൊസിനോട് അറിയിച്ചു.

17 പൗലൊസ് ശതാധിപന്മാരില്‍ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരനു സഹസ്രാധിപനോട് ഒരു കാര്യം അറിയിപ്പാനുള്ളതിനാല്‍ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു.

18 അവന്‍ അവനെ കൂട്ടി സഹസ്രാധിപന്‍റെ അടുക്കല്‍ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു.

19 സഹസ്രാധിപന്‍ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു.

20 അതിന് അവന്‍: യെഹൂദന്മാര്‍ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തില്‍ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാന്‍ ഒത്തുകൂടിയിരിക്കുന്നു.

21 നീ അവരെ വിശ്വസിച്ചുപോകരുത്; അവരില്‍ നാല്പതില്‍ അധികം പേര്‍ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്ത് അവനായി പതിയിരിക്കുന്നു; നിന്‍റെ വാഗ്ദത്തം കിട്ടുമെന്ന് ആശിച്ച് അവര്‍ ഇപ്പോള്‍ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.

22 നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും മിണ്ടരുത് എന്ന് സഹസ്രാധിപന്‍ കല്പിച്ച് യൗവനക്കാരനെ പറഞ്ഞയച്ചു.

23 പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടു പേരെ വരുത്തി: ഈ രാത്രിയില്‍ മൂന്നാം മണി നേരത്ത് കൈസര്യക്കു പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍.

24 പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്‍റെ അടുക്കല്‍ ക്ഷേമത്തോടെ എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്ന് കല്പിച്ചു.

25 താഴെ പറയുന്ന വിധത്തില്‍ ഒരു എഴുത്തും എഴുതി:

26 ക്ലൌദ്യൊസ് ലൂസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് വന്ദനം.

27 ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ച് കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമാപൗരന്‍ എന്ന് അറിഞ്ഞ് ഞാന്‍ പട്ടാളത്തോടുംകൂടെ നേരിട്ടുചെന്ന് അവനെ വിടുവിച്ചു.

28 അവന്‍റെമേല്‍ കുറ്റംചുമത്തുന്ന സംഗതി ഗ്രഹിപ്പാന്‍ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.

29 എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നുമില്ല എന്നു കണ്ടു.

30 അനന്തരം ഈ പുരുഷന്‍റെ നേരേ അവര്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നു തുമ്പു കിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്‍റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്‍റെ നേരേയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.

31 പടയാളികള്‍ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയില്‍ അന്തിപത്രിസോളം കൊണ്ടുചെന്നു,

32 പിറ്റന്നാള്‍ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്ക് മടങ്ങിപ്പോന്നു.

33 മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്ക് എഴുത്തു കൊടുത്തു പൗലൊസിനെയും അവന്‍റെ മുമ്പില്‍ നിര്‍ത്തി.

34 അവന്‍ എഴുത്തു വായിച്ചിട്ട് ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ:

35 വാദികളുംകൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞ് ഹെരോദാവിന്‍റെ ആസ്ഥാനത്തില്‍ അവനെ കാത്തുകൊള്‍വാന്‍ കല്പിച്ചു.

  • Acts 22 — previous chapter
  • Acts 24 — next chapter
  • Acts 23 — English (KJV)
  • Acts 23 — English (WEB)
  • Acts 23 — Tamil (தமிழ்)
  • Acts 23 — Hindi (हिंदी)
  • Acts 23 — Kannada (ಕನ್ನಡ)