2 ദിനവൃത്താന്തം 11 (2 Chronicles 11)

Malayalam Bible — Malayalam (മലയാളം)

1 രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധം ചെയ്തു രാജത്വം രെഹബെയാമിനു വീണ്ടുകൊള്ളേണ്ടതിനു യെഹൂദായുടെയും ബെന്യാമീന്‍റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്‍പതിനായിരം പേരെ ശേഖരിച്ചു.

2 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

3 ശലോമോന്‍റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായിലും ബെന്യാമീനിലും ഉള്ള എല്ലാ യിസ്രായേലിനോടും പറക:

4 നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്; ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; ഈ കാര്യം എന്‍റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാട് അനുസരിക്കയും യൊരോബെയാമിന്‍റെ നേരേ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.

5 രെഹബെയാം യെരൂശലേമിൽ പാര്‍ത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതു.

6 അവന്‍ യെഹൂദായിലും ബെന്യാമീനിലും ഉള്ള ബേത്‍ലഹേം, ഏതാം, തെക്കോവ,

7 ബേത്ത്-സൂര്‍, സോഖോ, അദുല്ലാം,

8 ഗത്ത്, മാരേശാ, സീഫ്,

9 അദോരയീം, ലാഖീശ്, അസേക്കാ,

10 സോരാ, അയ്യാലോന്‍, ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.

11 അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവച്ചു.

12 അവന്‍ ഓരോ പട്ടണത്തിലും വന്‍പരിചകളും കുന്തങ്ങളും വച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദായും ബെന്യാമീനും അവന്‍റെ പക്ഷത്ത് ഉണ്ടായിരുന്നു.

13 എല്ലാ യിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകല ദിക്കുകളിൽനിന്നും അവന്‍റെ അടുക്കൽ വന്നുചേര്‍ന്നു.

14 യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും വേറേ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,

15 ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദായിലേക്കും യെരൂശലേമിലേക്കും വന്നു.

16 അവരുടെ പിന്നാലെ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സുവച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാന്‍ യെരൂശലേമിൽ വന്നു.

17 ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്‍റെയും ശലോമോന്‍റെയും വഴിയിൽ നടന്നു. മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പു വരുത്തുകയും ശലോമോന്‍റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.

18 രെഹബെയാം ദാവീദിന്‍റെ മകനായ യെരീമോത്തിന്‍റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്‍റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.

19 അവള്‍ അവനു യെയൂശ്, ശെമര്യാവ്, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.

20 അവളുടെശേഷം അവന്‍ അബ്ശാലോമിന്‍റെ മകളായ മയഖായെ വിവാഹം കഴിച്ചു; അവള്‍ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.

21 രെഹബെയാം തന്‍റെ സകല ഭാര്യമാരിലും വെപ്പാട്ടികളിലുംവച്ച് അബ്ശാലോമിന്‍റെ മകളായ മയഖായെ അധികം സ്നേഹിച്ചു. അവന്‍ പതിനെട്ട് ഭാര്യമാരെയും അറുപത് വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ട് പുത്രന്മാരെയും അറുപത് പുത്രിമാരെയും ജനിപ്പിച്ചു.

22 രെഹബെയാം മയഖായുടെ മകനായ അബീയാവെ രാജാവാക്കുവാന്‍ ഭാവിച്ചതുകൊണ്ട് അവനെ അവന്‍റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.

23 അവന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു: യെഹൂദായുടെയും ബെന്യാമീന്‍റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്‍റെ പുത്രന്മാരെയൊക്കെയും പിരിച്ചയച്ചു, അവര്‍ക്കു ധാരാളം ഭക്ഷണസാധനങ്ങള്‍ കൊടുക്കയും അവര്‍ക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

  • 2 Chronicles 10 — previous chapter
  • 2 Chronicles 12 — next chapter
  • 2 Chronicles 11 — English (KJV)
  • 2 Chronicles 11 — English (WEB)
  • 2 Chronicles 11 — Tamil (தமிழ்)
  • 2 Chronicles 11 — Hindi (हिंदी)
  • 2 Chronicles 11 — Kannada (ಕನ್ನಡ)