1 ശമൂവേൽ 30 (1 Samuel 30)

Malayalam Bible — Malayalam (മലയാളം)

1 ദാവീദും അവന്‍റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോള്‍ അമാലേക്യര്‍ തെക്കേദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവച്ചു ചുട്ടുകളഞ്ഞിരുന്നു.

2 അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.

3 ദാവീദും അവന്‍റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍ അതു തീവച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.

4 അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.

5 യിസ്രെയേൽക്കാരത്തി അഹീനോവം, കര്‍മ്മേൽക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്‍റെ രണ്ടു ഭാര്യമാരെയും അവര്‍ പിടിച്ചു കൊണ്ടുപോയിരുന്നു.

6 ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്‍റെ ഹൃദയം താന്താന്‍റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.

7 ദാവീദ് അഹീമേലെക്കിന്‍റെ മകനായ അബ്യാഥാര്‍ പുരോഹിതനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു.

8 എന്നാറെ ദാവീദ് യഹോവയോട്: ഞാന്‍ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി.

9 അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറു പേരും പുറപ്പെട്ട് ബെസോര്‍തോട്ടിങ്കൽ എത്തി; ശേഷമുള്ളവര്‍ അവിടെ താമസിച്ചു.

10 ബെസോര്‍തോടു കടപ്പാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ഇരുനൂറു പേര്‍ പുറകിൽ താമസിച്ചതുകൊണ്ട് ദാവീദും നാനൂറു പേരും പിന്തുടര്‍ന്നുചെന്നു.

11 അവര്‍ വയലിൽവച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്‍റെ അടുക്കൽ കൊണ്ടുചെന്നു: അവന് അപ്പം കൊടുത്തു അവന്‍ തിന്നു; അവനു കുടിപ്പാന്‍ വെള്ളവും കൊടുത്തു.

12 അവര്‍ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന് ഉയിര്‍ വീണു; മൂന്നു രാവും മൂന്നു പകലും അവന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.

13 ദാവീദ് അവനോട്: നീ ആരുടെ ആള്‍? എവിടത്തുകാരന്‍ എന്നു ചോദിച്ചതിന് അവന്‍: ഞാന്‍ ഒരു മിസ്രയീമ്യബാല്യക്കാരന്‍; ഒരു അമാലേക്യന്‍റെ ഭൃത്യന്‍. മൂന്നു ദിവസം മുമ്പേ എനിക്കു ദീനം പിടിച്ചതുകൊണ്ട് എന്‍റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.

14 ഞങ്ങള്‍ ക്രേത്യരുടെ തെക്കേനാടും യെഹൂദ്യദേശവും കാലേബിന്‍റെ തെക്കേ ദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങള്‍ തീവച്ചു ചുട്ടുകളഞ്ഞു.

15 ദാവീദ് അവനോട്: ആ പരിഷയുടെ അടുക്കലേക്കു നീ വഴി കാണിച്ചുതരുമോ എന്നു ചോദിച്ചതിന് അവന്‍: നീ എന്നെ കൊല്ലുകയോ എന്‍റെ യജമാനന്‍റെ കൈയിൽ ഏല്പിക്കയോ ചെയ്കയില്ലന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ ആ പരിഷയുടെ അടുക്കലേക്കു വഴി കാണിച്ചുതരാം എന്നു പറഞ്ഞു.

16 അങ്ങനെ അവന്‍ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ അവര്‍ ഭൂതലത്തിലെങ്ങും പരന്ന് തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദ്യാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.

17 ദാവീദ് അവരെ സന്ധ്യമുതൽ പിറ്റന്നാള്‍ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാര്‍ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.

18 അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്‍റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.

19 അവര്‍ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.

20 ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്ക്കാലികള്‍ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ട്: ഇതു ദാവീദിന്‍റെ കൊള്ള എന്നു പറഞ്ഞു.

21 ദാവീദിനോടുകൂടെ പോകുവാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ബെസോര്‍തോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോള്‍ അവര്‍ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്‍റെ സമീപത്തു വന്ന് അവരോടു കുശലം ചോദിച്ചു.

22 എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്‍റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്ക് ഒന്നും കൊടുക്കരുത്, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.

23 അപ്പോള്‍ ദാവീദ്: എന്‍റെ സഹോദരന്മാരേ, നമ്മെ രക്ഷിക്കയും നമ്മുടെ നേരേ വന്നിരുന്ന പരിഷയെ നമ്മുടെ കൈയിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യരുത്.

24 ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആര്‍ സമ്മതിക്കും? യുദ്ധത്തിനു പോകുന്നവന്‍റെ ഓഹരിയും സാമാനങ്ങള്‍ക്കരികെ താമസിക്കുന്നവന്‍റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവര്‍ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.

25 അന്നുമുതൽ കാര്യം അങ്ങനെതന്നെ നടപ്പായി; അവന്‍ അതു യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.

26 ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാര്‍ക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങള്‍ക്ക് ഒരു സമ്മാനം എന്നു പറഞ്ഞു.

27 ബേഥേലിൽ ഉള്ളവര്‍ക്കും തെക്കേ രാമോത്തിലുള്ളവര്‍ക്കും യത്ഥീരിൽ ഉള്ളവര്‍ക്കും

28 അരോവേരിൽ ഉള്ളവര്‍ക്കും സിഫ്മോത്തിലുള്ളവര്‍ക്കും എസ്തെമോവയിലുള്ളവര്‍ക്കും

29 രാഖാലിലുള്ളവര്‍ക്കും യെരഹ്‍മേല്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും

30 ഹോര്‍മ്മായിലുള്ളവര്‍ക്കും കോര്‍-ആശാനിൽ ഉള്ളവര്‍ക്കും അഥാക്കിലുള്ളവര്‍ക്കും

31 ഹെബ്രോനിലുള്ളവര്‍ക്കും ദാവീദും അവന്‍റെ ആളുകളും സഞ്ചരിച്ചുവന്ന സകല സ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.

  • 1 Samuel 29 — previous chapter
  • 1 Samuel 31 — next chapter
  • 1 Samuel 30 — English (KJV)
  • 1 Samuel 30 — English (WEB)
  • 1 Samuel 30 — Tamil (தமிழ்)
  • 1 Samuel 30 — Hindi (हिंदी)
  • 1 Samuel 30 — Kannada (ಕನ್ನಡ)