1 ദിനവൃത്താന്തം 17 (1 Chronicles 17)

Malayalam Bible — Malayalam (മലയാളം)

1 ദാവീദ് തന്‍റെ അരമനയിൽ വസിച്ചിരിക്കുംകാലത്ത് ഒരു നാള്‍ നാഥാന്‍പ്രവാചകനോട്: ഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.

2 നാഥാന്‍ ദാവീദിനോട്: നിന്‍റെ താൽപര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.

3 എന്നാൽ അന്നു രാത്രി നാഥാന് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:

4 നീ ചെന്ന് എന്‍റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.

5 ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍മുതൽ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടാരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.

6 എല്ലാ യിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും എന്‍റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങള്‍ എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ?

7 ആകയാൽ നീ എന്‍റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തുനിന്ന്, ആടുകളെ നോക്കുമ്പോള്‍ത്തന്നെ എടുത്തു.

8 നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാന്‍ നിനക്ക് ഉണ്ടാക്കും.

9 ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്ത് അവിടെനിന്ന് ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്‍റെ ജനമായ യിസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ ക്ഷയിപ്പിക്കയില്ല.

10 ഞാന്‍ നിന്‍റെ സകല ശത്രുക്കളെയും അടക്കും; യഹോവ നിനക്ക് ഒരു ഗൃഹം പണിയുമെന്നും ഞാന്‍ നിന്നോട് അറിയിക്കുന്നു.

11 നീ നിന്‍റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിനു നിന്‍റെ ജീവകാലം തികയുമ്പോള്‍ ഞാന്‍ നിന്‍റെ ശേഷം നിന്‍റെ പുത്രന്മാരിൽ ഒരുവനായ നിന്‍റെ സന്തതിയെ എഴുന്നേല്പിക്കയും അവന്‍റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.

12 അവന്‍ എനിക്ക് ഒരു ആലയം പണിയും; ഞാന്‍ അവന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

13 ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്‍റെ മുന്‍വാഴ്ചക്കാരനോടു ഞാന്‍ എന്‍റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അതിനെ എടുത്തുകളകയില്ല.

14 ഞാന്‍ അവനെ എന്‍റെ ആലയത്തിലും എന്‍റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തും; അവന്‍റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.

15 ഈ വാക്കുകളും ഈ ദര്‍ശനവും എല്ലാം നാഥാന്‍ ദാവീദിനോട് പ്രസ്താവിച്ചു.

16 അപ്പോള്‍ ദാവീദ്‍രാജാവ് അകത്തു ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്‍റെ ഗൃഹവും എന്തുള്ളൂ?

17 ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്ക് അടിയന്‍റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്‍റെ അവസ്ഥയ്ക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.

18 അടിയനു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടൂ? നീ അടിയനെ അറിയുന്നുവല്ലോ.

19 യഹോവേ, അടിയന്‍ നിമിത്തവും നിന്‍റെ പ്രസാദപ്രകാരവും നീ ഈ മഹിമയൊക്കെയും പ്രവര്‍ത്തിച്ച് ഈ വന്‍കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.

20 ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.

21 മിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്‍റെ ജനത്തിന്‍റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്ക് ഒരു നാമം സമ്പാദിക്കേണ്ടതിന്: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വീണ്ടെടുത്ത നിന്‍റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ?

22 നിന്‍റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവര്‍ക്കു ദൈവമായിത്തീരുകയും ചെയ്തുവല്ലോ.

23 ആകയാൽ യഹോവേ, ഇപ്പോള്‍ നീ അടിയനെയും അടിയന്‍റെ ഗൃഹത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെതന്നെ ചെയ്യേണമേ.

24 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്‍റെ ദൈവമാകുന്നു; യിസ്രായേലിനു ദൈവം തന്നെ എന്നിങ്ങനെ നിന്‍റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്ത്വപ്പെടുകയും നിന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹം നിന്‍റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.

25 എന്‍റെ ദൈവമേ, അടിയനു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ട് അടിയന്‍ തിരുസന്നിധിയിൽ പ്രാര്‍ഥിപ്പാന്‍ ധൈര്യം പ്രാപിച്ചു.

26 ആകയാൽ യഹോവേ, നീ തന്നെ ദൈവം; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

27 അതുകൊണ്ട് അടിയന്‍റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാന്‍ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.

  • 1 Chronicles 16 — previous chapter
  • 1 Chronicles 18 — next chapter
  • 1 Chronicles 17 — English (KJV)
  • 1 Chronicles 17 — English (WEB)
  • 1 Chronicles 17 — Tamil (தமிழ்)
  • 1 Chronicles 17 — Hindi (हिंदी)
  • 1 Chronicles 17 — Kannada (ಕನ್ನಡ)