1 ദിനവൃത്താന്തം 16 (1 Chronicles 16)

Malayalam Bible — Malayalam (മലയാളം)

1 ഇങ്ങനെ അവര്‍ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവര്‍ ദൈവത്തിന്‍റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

2 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.

3 അവന്‍ യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീക്കും ആളൊന്നിന് ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടയും വീതം വിഭാഗിച്ചുകൊടുത്തു.

4 അവന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

5 ആസാഫ് തലവന്‍; രണ്ടാമന്‍ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ നിരന്തരം കാഹളം ഊതി.

7 അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്‍റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ:

8 യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്‍റെ നാമത്തെ ആരാധിപ്പിന്‍; ജാതികളുടെ ഇടയിൽ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിന്‍;

9 അവനു പാടി കീര്‍ത്തനം ചെയ്‍വിന്‍; അവന്‍റെ അദ്ഭുതങ്ങളെയൊക്കെയും വര്‍ണിപ്പിന്‍.

10 അവന്‍റെ വിശുദ്ധനാമത്തിൽ പുകഴുവിന്‍; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.

11 യഹോവയെയും അവന്‍റെ ശക്തിയെയും തേടുവിന്‍; അവന്‍റെ മുഖം നിരന്തരം അന്വേഷിപ്പിന്‍.

12 അവന്‍റെ ദാസനായ യിസ്രായേലിന്‍റെ സന്താനമേ, അവന്‍റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,

13 അവന്‍ ചെയ്ത അദ്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓര്‍ത്തുകൊള്‍വിന്‍.

14 അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്‍റെ ന്യായവിധികള്‍ സര്‍വഭൂമിയിലുമുണ്ട്.

15 അവന്‍റെ വചനം ആയിരം തലമുറയോളവും അവന്‍റെ നിയമം എന്നേക്കും ഓര്‍ത്തു കൊള്‍വിന്‍.

16 അബ്രാഹാമിനോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.

17 അതിനെ അവന്‍ യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.

18 ഞാന്‍ നിനക്ക് അവകാശമായി കനാന്‍ദേശത്തെ തരും എന്നു കല്പിച്ചു.

19 നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും

20 അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും

21 ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍ നിമിത്തം രാജാക്കന്മാരെയും ശാസിച്ചത്:

22 എന്‍റെ അഭിഷിക്തന്മാരെ തൊടരുത്; എന്‍റെ പ്രവാചകര്‍ക്കു ദോഷം ചെയ്കയുമരുത്.

23 സര്‍വഭൂവാസികളേ, യഹോവയ്ക്കു പാടുവിന്‍; നാള്‍ക്കുനാള്‍ അവന്‍റെ രക്ഷയെ പ്രസ്താവിപ്പിന്‍.

24 ജാതികളുടെ നടുവിൽ അവന്‍റെ മഹത്ത്വവും സര്‍വവംശങ്ങളുടെയും മധ്യേ അവന്‍റെ അദ്ഭുതങ്ങളും കഥിപ്പിന്‍.

25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വദേവന്മാരിലും അതിഭയങ്കരനുമല്ലോ.

26 ജാതികളുടെ സകല ദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമച്ചവന്‍.

27 യശസ്സും തേജസ്സും അവന്‍റെ സന്നിധിയിലും ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ട്.

28 ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിന്‍;

29 യഹോവയ്ക്ക് അവന്‍റെ നാമത്തിന്‍റെ മഹത്ത്വം കൊടുപ്പിന്‍; കാഴ്ചയുമായി അവന്‍റെ സന്നിധിയിൽ ചെല്ലുവിന്‍; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍.

30 സര്‍വഭൂമിയേ, അവന്‍റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു.

31 സ്വര്‍ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.

32 സമുദ്രവും അതിന്‍റെ പൂര്‍ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.

33 അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പിൽ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.

34 യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.

35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്‍റെ സ്തുതിയിൽ പുകഴുവാന്‍ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍.

36 യിസ്രായേലിന്‍ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍. സകല ജനവും ആമേന്‍ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.

37 ഇങ്ങനെ പെട്ടകത്തിന്‍റെ മുമ്പിൽ ദിവസം പ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന് ആസാഫിനെയും

38 അവന്‍റെ സഹോദരന്മാരെയും ഓബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്‍റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽക്കാവല്ക്കാരായും നിര്‍ത്തി.

39 പുരോഹിതനായ സാദോക്കിനെയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള

40 അവന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവയ്ക്ക് ഹോമയാഗം കഴിപ്പാനും

41 അവരോടുകൂടെ ഹേമാന്‍, യെദൂഥൂന്‍ മുതലായ പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നിങ്ങനെ യഹോവയ്ക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.

42 അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്‍റെ പുത്രന്മാര്‍ വാതിൽക്കാവല്ക്കാര്‍ ആയിരുന്നു;

43 പിന്നെ സര്‍വജനവും ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു പോയി; ദാവീദും തന്‍റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.

  • 1 Chronicles 15 — previous chapter
  • 1 Chronicles 17 — next chapter
  • 1 Chronicles 16 — English (KJV)
  • 1 Chronicles 16 — English (WEB)
  • 1 Chronicles 16 — Tamil (தமிழ்)
  • 1 Chronicles 16 — Hindi (हिंदी)
  • 1 Chronicles 16 — Kannada (ಕನ್ನಡ)