സെഖര്യാ 2 (Zechariah 2)

Malayalam Bible — Malayalam (മലയാളം)

1 ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, കൈയിൽ അളവുനൂൽ പിടിച്ചിരിക്കുന്നൊരു പുരുഷനെ കണ്ടു.

2 നീ എവിടേക്കു പോകുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്‍: ഞാന്‍ യെരൂശലേമിനെ അളന്ന് അതിന്‍റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാന്‍ പോകുന്നു എന്ന് എന്നോടു പറഞ്ഞു.

3 എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തു വന്നു; അവനെ എതിരേല്പാന്‍ മറ്റൊരു ദൂതനും പുറത്തുവന്ന് അവനോട് പറഞ്ഞത്:

4 നീ വേഗം ചെന്ന് ഈ ബാല്യക്കാരനോടു സംസാരിച്ച്: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.

5 എന്നാൽ ഞാന്‍ അതിനു ചുറ്റും തീമതിലായിരിക്കും; ഞാന്‍ അതിന്‍റെ നടുവിൽ മഹത്ത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.

6 ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിന്‍! എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിങ്ങളെ ആകാശത്തിന്‍റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.

7 ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാര്‍ക്കുന്ന സീയോനേ, ചാടിപ്പോക.

8 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവര്‍ച്ചചെയ്ത ജാതികളുടെ അടുക്കൽ അവന്‍ എന്നെ മഹത്ത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ അവന്‍റെ കണ്‍മണിയെ തൊടുന്നു.

9 ഞാന്‍ അവരുടെ നേരേ കൈ കുലുക്കും; അവര്‍ തങ്ങളുടെ ദാസന്മാര്‍ക്കു കവര്‍ച്ചയായിത്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറികയും ചെയ്യും.

10 സീയോന്‍പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന്‍ വരുന്നു; ഞാന്‍ നിന്‍റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.

11 അന്നാളിൽ പല ജാതികളും യഹോവയോടു ചേര്‍ന്ന് എനിക്കു ജനമായിത്തീരും; ഞാന്‍ നിന്‍റെ മധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.

12 യഹോവ വിശുദ്ധദേശത്തു യെഹൂദായെ തന്‍റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.

13 സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിന്‍; അവന്‍ തന്‍റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.

  • Zechariah 1 — previous chapter
  • Zechariah 3 — next chapter
  • Zechariah 2 — English (KJV)
  • Zechariah 2 — English (WEB)
  • Zechariah 2 — Tamil (தமிழ்)
  • Zechariah 2 — Hindi (हिंदी)
  • Zechariah 2 — Kannada (ಕನ್ನಡ)