ഉത്തമഗീതം 5 (Song of Solomon 5)

Malayalam Bible — Malayalam (മലയാളം)

1 എന്‍റെ സഹോദരീ, എന്‍റെ കാന്തേ, ഞാന്‍ എന്‍റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാന്‍ എന്‍റെ മൂറും സുഗന്ധവര്‍ഗവും പെറുക്കി; ഞാന്‍ എന്‍റെ തേന്‍കട്ട തേനോടുകൂടെ തിന്നും എന്‍റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരെ തിന്നുവിന്‍; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍!

2 ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്‍റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്‍റെ പ്രിയന്‍റെ സ്വരം: എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, എന്‍റെ പ്രാവേ, എന്‍റെ നിഷ്കളങ്കേ, തുറക്കുക; എന്‍റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു.

3 എന്‍റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നത് എങ്ങനെ?

4 എന്‍റെ പ്രിയന്‍ ദ്വാരത്തിൽക്കൂടി കൈ നീട്ടി; എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.

5 എന്‍റെ പ്രിയനു തുറക്കേണ്ടതിനു ഞാന്‍ എഴുന്നേറ്റു; എന്‍റെ കൈ മൂറും, എന്‍റെ വിരൽ മൂറിന്‍ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.

6 ഞാന്‍ എന്‍റെ പ്രിയനുവേണ്ടി തുറന്നു എന്‍റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു; ഞാന്‍ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു; അവന്‍ ഉത്തരം പറഞ്ഞില്ല.

7 നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാര്‍ എന്‍റെ മൂടുപടം എടുത്തുകളഞ്ഞു.

8 യെരൂശലേംപുത്രിമാരേ, നിങ്ങള്‍ എന്‍റെ പ്രിയനെ കണ്ടെങ്കിൽ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോട് ആണയിടുന്നു.

9 സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്‍റെ പ്രിയനു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളൂ? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിനു നിന്‍റെ പ്രിയനു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളൂ?

10 എന്‍റെ പ്രിയന്‍ വെണ്‍മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരിൽ അതിശ്രേഷ്ഠന്‍ തന്നെ.

11 അവന്‍റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്‍റെ കുറുനിരകള്‍ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.

12 അവന്‍റെ കണ്ണ് നീര്‍ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്‍ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്‍ച്ചയായി പതിച്ചതും ആകുന്നു.

13 അവന്‍റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്‍റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;

14 അവന്‍റെ കൈകള്‍ ഗോമേദകം പതിച്ചിരിക്കുന്ന സ്വര്‍ണനാളങ്ങള്‍; അവന്‍റെ ഉദരം നീലരത്നം പതിച്ച ദന്തനിര്‍മ്മിതം.

15 അവന്‍റെ തുട തങ്കച്ചുവട്ടിൽ നിര്‍ത്തിയ വെണ്‍കൽത്തൂണ്‍; അവന്‍റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ഉൽക്കൃഷ്ടമാകുന്നു.

16 അവന്‍റെ വായ് ഏററവും മധുരമുള്ളത്; അവന്‍ സര്‍വാംഗസുന്ദരന്‍ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയന്‍; ഇവനത്രേ എന്‍റെ സ്നേഹിതന്‍.

  • Song of Solomon 4 — previous chapter
  • Song of Solomon 6 — next chapter
  • Song of Solomon 5 — English (KJV)
  • Song of Solomon 5 — English (WEB)
  • Song of Solomon 5 — Tamil (தமிழ்)
  • Song of Solomon 5 — Hindi (हिंदी)
  • Song of Solomon 5 — Kannada (ಕನ್ನಡ)