റോമർ 16 (Romans 16)

Malayalam Bible — Malayalam (മലയാളം)

1 നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ

2 നിങ്ങള്‍ വിശുദ്ധന്മാര്‍ക്കു യോഗ്യമാംവണ്ണം കര്‍ത്താവിന്‍റെ നാമത്തില്‍ കൈക്കൊണ്ട്, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന് ഞാന്‍ നിങ്ങളെ ഭരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു.

3 ക്രിസ്തുയേശുവില്‍ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിന്‍.

4 അവര്‍ എന്‍റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വച്ചുകൊടുത്തവരാകുന്നു; അവര്‍ക്കു ഞാന്‍ മാത്രമല്ല, ജാതികളുടെ സകല സഭകളുംകൂടെ നന്ദി പറയുന്നു.

5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍; ആസ്യയില്‍ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിന്‍.

6 നിങ്ങള്‍ക്കായി വളരെ അധ്വാനിച്ചവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിന്‍.

7 എന്‍റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിന്‍; അവര്‍ അപ്പൊസ്തലന്മാരുടെയിടയില്‍ പേര്‍കൊണ്ടവരും എനിക്കുമുമ്പേ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു.

8 കര്‍ത്താവില്‍ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിന്‍. ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്‍ബ്ബാനൊസിനും

9 എനിക്കു പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിന്‍.

10 ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിനു വന്ദനം ചൊല്ലുവിന്‍. അരിസ്തോബൂലൊസിന്‍റെ ഭവനക്കാര്‍ക്ക് വന്ദനം ചൊല്ലുവിന്‍.

11 എന്‍റെ ചാര്‍ച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിന്‍; നർക്കിസ്സൊസിന്‍റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കു വന്ദനം ചൊല്ലുവിന്‍.

12 കര്‍ത്താവില്‍ അധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിന്‍. കര്‍ത്താവില്‍ വളരെ അധ്വാനിച്ചവളായ പ്രിയ പെര്‍സിസിനു വന്ദനം ചൊല്ലുവിന്‍.

13 കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്‍റെ അമ്മയെയും വന്ദനം ചെയ്‍വിന്‍.

14 അസുംക്രിതൊസിനും പെനുഗോനും ഹെര്‍മ്മോസിനും പത്രൊബാസിനും ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍.

15 ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്‍റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍.

16 വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിന്‍. ക്രിസ്തുവിന്‍റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.

17 സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിന്‍.

18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറ്റിനെ അത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.

19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മയ്ക്കു ജ്ഞാനികളും തിന്മയ്ക്ക് അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.

20 സമാധാനത്തിന്‍റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

21 എന്‍റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്‍റെ ചാര്‍ച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

22 ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു.

23 എനിക്കും സര്‍വസഭയ്ക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.

24 പൂര്‍വകാലങ്ങളില്‍ മറഞ്ഞിരുന്നിട്ട് ഇപ്പോള്‍ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്‍റെ നിയോഗപ്രകാരം സകല ജാതികള്‍ക്കും വിശ്വാസത്തിന്‍റെ അനുസരണത്തിനായി

25 പ്രവാചകന്മാരുടെ എഴുത്തുകളാല്‍ അറിയിച്ചിരിക്കുന്നതുമായ മര്‍മത്തിന്‍റെ വെളിപ്പാടിന് അനുസരണമായുള്ള എന്‍റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന

26 ഏകജ്ഞാനിയായ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍.

  • Romans 15 — previous chapter
  • 1 Corinthians 1 — next chapter
  • Romans 16 — English (KJV)
  • Romans 16 — English (WEB)
  • Romans 16 — Tamil (தமிழ்)
  • Romans 16 — Hindi (हिंदी)
  • Romans 16 — Kannada (ಕನ್ನಡ)