വെളിപ്പാട് 9 (Revelation 9)

Malayalam Bible — Malayalam (മലയാളം)

1 അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നത് ഞാന്‍ കണ്ടു; അവന് അഗാധകൂപത്തിന്‍റെ താക്കോല്‍ ലഭിച്ചു.

2 അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുംചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുക പൊങ്ങി; കൂപത്തിന്‍റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി.

3 പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.

4 നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടു വരുത്തരുത് എന്ന് അതിനു കല്പന ഉണ്ടായി.

5 അവരെ കൊല്ലുവാനല്ല, അഞ്ചു മാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നെ.

6 ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ട് ഓടിപ്പോകും.

7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിനു ചമയിച്ച കുതിരയ്ക്കു സമം; തലയില്‍ പൊന്‍കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.

8 സ്ത്രീകളുടെ മുടിപോലെ അതിനു മുടി ഉണ്ട്; പല്ല് സിംഹത്തിന്‍റെ പല്ലുപോലെ ആയിരുന്നു.

9 ഇരുമ്പുകവചംപോലെ കവചം ഉണ്ട്; ചിറകിന്‍റെ ഒച്ച പടയ്ക്ക് ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.

10 തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ട്; മനുഷ്യരെ അഞ്ചു മാസം ഉപദ്രവിപ്പാന്‍ അതിനുള്ള ശക്തി വാലില്‍ ആയിരുന്നു.

11 അഗാധദൂതന്‍ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.

12 കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.

13 ആറാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദൈവസന്നിധിയിലെ സ്വര്‍ണപീഠത്തിന്‍റെ കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോട്:

14 യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു.

15 ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികയ്ക്ക് ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.

16 കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു.

17 ഞാന്‍ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടത് എങ്ങനെയെന്നാല്‍: അവര്‍ക്കു തീ നിറവും രക്തനീലവും ഗന്ധകവര്‍ണ വുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.

18 വായില്‍നിന്നു പുറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി.

19 കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നത്.

20 ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും, കാണ്‍മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.

21 തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

  • Revelation 8 — previous chapter
  • Revelation 10 — next chapter
  • Revelation 9 — English (KJV)
  • Revelation 9 — English (WEB)
  • Revelation 9 — Tamil (தமிழ்)
  • Revelation 9 — Hindi (हिंदी)
  • Revelation 9 — Kannada (ಕನ್ನಡ)