Malayalam Bible — Malayalam (മലയാളം)
1 പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്‍റെ കൈയില്‍ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്‍റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്കരിക്കുന്നവരെയും അളക്കുക.
2 ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അത് ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും.
3 അന്നു ഞാന്‍ എന്‍റെ രണ്ടു സാക്ഷികള്‍ക്കും വരം നല്കും; അവര്‍ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
4 അവര്‍ ഭൂമിയുടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്ക്കുന്ന രണ്ട് ഒലിവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
5 ആരെങ്കിലും അവര്‍ക്കു ദോഷം ചെയ്‍വാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവര്‍ക്കു ദോഷം വരുത്തുവാന്‍ ഇച്ഛിക്കുന്നവന്‍ ഇങ്ങനെ മരിക്കേണ്ടിവരും.
6 അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാന്‍ അവര്‍ക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്.
7 അവര്‍ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം ആഴത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.
8 അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്‍റെ വീഥിയില്‍ അവരുടെ ശവം കിടക്കും.
9 സകല വംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നര ദിവസം കാണും; അവരുടെ ശവം കല്ലറയില്‍ വയ്പാന്‍ സമ്മതിക്കയില്ല.
10 ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ച് ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയയ്ക്കയും ചെയ്യും.
11 മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍നിന്നു ജീവശ്വാസം അവരില്‍ വന്ന് അവര്‍ കാല്‍ ഊന്നിനിന്നു -അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു-
12 ഇവിടെ കയറിവരുവിന്‍ എന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര്‍ മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു.
13 ആ നാഴികയില്‍ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തില്‍ പത്തിലൊന്ന് ഇടിഞ്ഞുവീണു; ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ മരിച്ചുപോയി; ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗത്തിലെ ദൈവത്തിനു മഹത്ത്വം കൊടുത്തു.
14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
15 ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍: ലോകരാജത്വം നമ്മുടെ കര്‍ത്താവിനും അവന്‍റെ ക്രിസ്തുവിനും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്ന് സ്വര്‍ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.
16 ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞത്:
17 സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.
18 ജാതികള്‍ കോപിച്ചു, നിന്‍റെ കോപവും വന്നു; മരിച്ചവരെ ന്യായം വിധിപ്പാനും നിന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്‍റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.
19 അപ്പോള്‍ സ്വര്‍ഗത്തിലെ ദൈവാലയം തുറന്നു, അവന്‍റെ നിയമപെട്ടകം അവന്‍റെ ആലയത്തില്‍ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.