സങ്കീർത്തനങ്ങൾ 85 (Psalms 85)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, നീ നിന്‍റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.

2 നിന്‍റെ ജനത്തിന്‍റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ.

3 നിന്‍റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്‍റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.

4 ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്‍റെ നീരസം മതിയാക്കേണമേ.

5 നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്‍റെ കോപം ദീര്‍ഘിച്ചിരിക്കുമോ?

6 നിന്‍റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?

7 യഹോവേ, നിന്‍റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്‍റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.

8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന് അവന്‍ തന്‍റെ ജനത്തോടും തന്‍റെ ഭക്തന്മാരോടും സമാധാനം അരുളും.

9 തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്‍റെ രക്ഷ അവന്‍റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.

10 ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.

11 വിശ്വസ്തത ഭൂമിയിൽനിന്നു മുളയ്ക്കുന്നു; നീതി സ്വര്‍ഗത്തിൽനിന്നു നോക്കുന്നു.

12 യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും.

13 നീതി അവനു മുമ്പായി നടക്കയും അവന്‍റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.

  • Psalms 84 — previous chapter
  • Psalms 86 — next chapter
  • Psalms 85 — English (KJV)
  • Psalms 85 — English (WEB)
  • Psalms 85 — Tamil (தமிழ்)
  • Psalms 85 — Hindi (हिंदी)
  • Psalms 85 — Kannada (ಕನ್ನಡ)