സങ്കീർത്തനങ്ങൾ 79 (Psalms 79)

Malayalam Bible — Malayalam (മലയാളം)

1 ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [] ദൈവമേ, ജാതികള്‍ നിന്‍റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവര്‍ നിന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.

2 അവര്‍ നിന്‍റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും നിന്‍റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തിരിക്കുന്നു.

3 അവരുടെ രക്തത്തെ വെള്ളംപോലെ അവര്‍ യെരൂശലേമിനു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന്‍ ആരും ഉണ്ടായിരുന്നതുമില്ല.

4 ഞങ്ങള്‍ ഞങ്ങളുടെ അയൽക്കാര്‍ക്ക് അപമാനവും ചുറ്റുമുള്ളവര്‍ക്ക് നിന്ദയും പരിഹാസവും ആയിത്തീര്‍ന്നിരിക്കുന്നു.

5 യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്‍റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

6 നിന്നെ അറിയാത്ത ജാതികളുടെമേലും നിന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്‍റെ ക്രോധത്തെ പകരേണമേ.

7 അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്‍റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.

8 ഞങ്ങളുടെ പൂര്‍വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്‍റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.

9 ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്‍റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്‍റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.

10 അവരുടെ ദൈവം എവിടെ എന്ന് ജാതികള്‍ പറയുന്നത് എന്തിന്? നിന്‍റെ ദാസന്മാരുടെ രക്തം ചിന്നിയതിന്‍റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.

11 ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്‍റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്‍റെ മഹാശക്തിയാൽ രക്ഷിക്കേണമേ.

12 കര്‍ത്താവേ, ഞങ്ങളുടെ അയൽക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വിടത്തിലേക്ക് പകരം കൊടുക്കേണമേ.

13 എന്നാൽ നിന്‍റെ ജനവും നിന്‍റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള്‍ നിന്‍റെ സ്തുതിയെ പ്രസ്താവിക്കും.

  • Psalms 78 — previous chapter
  • Psalms 80 — next chapter
  • Psalms 79 — English (KJV)
  • Psalms 79 — English (WEB)
  • Psalms 79 — Tamil (தமிழ்)
  • Psalms 79 — Hindi (हिंदी)
  • Psalms 79 — Kannada (ಕನ್ನಡ)