സങ്കീർത്തനങ്ങൾ 55 (Psalms 55)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. [] ദൈവമേ, എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കേണമേ; എന്‍റെ യാചനയ്ക്കു മറഞ്ഞിരിക്കരുതേ.

2 എനിക്ക് ചെവി തന്ന് ഉത്തരമരുളേണമേ; ശത്രുവിന്‍റെ ആരവംനിമിത്തവും ദുഷ്ടന്‍റെ പീഡനിമിത്തവും ഞാന്‍ എന്‍റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.

3 അവര്‍ എന്‍റെമേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.

4 എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്‍റെമേൽ വീണിരിക്കുന്നു.

5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.

6 പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു.

7 അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാര്‍ക്കുമായിരുന്നു! സേലാ.

8 കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാന്‍ ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!

9 കര്‍ത്താവേ, സംഹരിച്ച് അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.

10 രാവും പകലും അവര്‍ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ട്.

11 ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല.

12 എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരേ വമ്പു പറഞ്ഞത് എന്നെ പകയ്ക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.

13 നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു.

14 നാം തമ്മിൽ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

15 മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്.

16 ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.

17 ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കും.

18 എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോട് അടുക്കാതവണ്ണം അവന്‍ എന്‍റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;

19 ദൈവം കേട്ട് അവര്‍ക്ക് ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നെ. സേലാ. അവര്‍ക്കു മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.

20 തന്നോടു സമാധാനമായിരിക്കുന്നവരെ കൈയേറ്റം ചെയ്തു തന്‍റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.

21 അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്‍റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍ ആയിരുന്നു.

22 നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരുനാളും സമ്മതിക്കയില്ല.

23 ദൈവമേ, നീ അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.

  • Psalms 54 — previous chapter
  • Psalms 56 — next chapter
  • Psalms 55 — English (KJV)
  • Psalms 55 — English (WEB)
  • Psalms 55 — Tamil (தமிழ்)
  • Psalms 55 — Hindi (हिंदी)
  • Psalms 55 — Kannada (ಕನ್ನಡ)