സങ്കീർത്തനങ്ങൾ 31 (Psalms 31)

Malayalam Bible — Malayalam (മലയാളം)

1 സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [] യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്‍റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.

2 നിന്‍റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്ക് ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിനു കോട്ടയായും ഇരിക്കേണമേ;

3 നീ എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ. നിന്‍റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.

4 അവര്‍ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; നീ എന്‍റെ ദുര്‍ഗമാകുന്നുവല്ലോ.

5 നിന്‍റെ കൈയിൽ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.

6 മിഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകയ്ക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.

7 ഞാന്‍ നിന്‍റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്‍റെ അരിഷ്ടതയെ കണ്ട് എന്‍റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.

8 ശത്രുവിന്‍റെ കൈയിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്‍റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.

9 യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്‍റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.

10 എന്‍റെ ആയുസ്സ് ദുഃഖംകൊണ്ടും എന്‍റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പു കൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്‍റെ അകൃത്യം നിമിത്തം എന്‍റെ ബലം ക്ഷീണിച്ചും എന്‍റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.

11 എന്‍റെ സകല വൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്‍റെ അയൽക്കാര്‍ക്ക് അതിനിന്ദിതന്‍ തന്നെ; എന്‍റെ മുഖപരിചയക്കാര്‍ക്കു ഞാന്‍ ഭയഹേതുവായി ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവര്‍ എന്നെ വിട്ട് ഓടിപ്പോകുന്നു.

12 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.

13 ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്‍റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.

14 എങ്കിലും യഹോവേ, ഞാന്‍ നിന്നിൽ ആശ്രയിച്ചു; നീ എന്‍റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.

15 എന്‍റെ കാലഗതികള്‍ നിന്‍റെ കൈയിൽ ഇരിക്കുന്നു; എന്‍റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.

16 അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്‍റെ ദയയാൽ എന്നെ രക്ഷിക്കേണമേ.

17 യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ.

18 നീതിമാനു വിരോധമായി ഡംഭത്തോടും നിന്ദയോടുംകൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായിപ്പോകട്ടെ.

19 നിന്‍റെ ഭക്തന്മാര്‍ക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവര്‍ക്കുവേണ്ടി മനുഷ്യപുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്‍റെ നന്മ എത്ര വലിയതാകുന്നു.

20 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്‍റെ സാന്നിധ്യത്തിന്‍റെ മറവിൽ മറയ്ക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.

21 യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ ഉറപ്പുള്ള പട്ടണത്തിൽ തന്‍റെ ദയ എനിക്ക് അദ്ഭുതമായി കാണിച്ചിരിക്കുന്നു.

22 ഞാന്‍ നിന്‍റെ ദൃഷ്‍ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്‍റെ യാചനയുടെ ശബ്ദം നീ കേട്ടു.

23 യഹോവയുടെ സകല വിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവനു ധാരാളം പകരം കൊടുക്കുന്നു.

24 യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.

  • Psalms 30 — previous chapter
  • Psalms 32 — next chapter
  • Psalms 31 — English (KJV)
  • Psalms 31 — English (WEB)
  • Psalms 31 — Tamil (தமிழ்)
  • Psalms 31 — Hindi (हिंदी)
  • Psalms 31 — Kannada (ಕನ್ನಡ)