സങ്കീർത്തനങ്ങൾ 147 (Psalms 147)

Malayalam Bible — Malayalam (മലയാളം)

1 യഹോവയെ സ്തുതിപ്പിന്‍; നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നെ.

2 യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍ യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുന്നു.

3 മനം തകര്‍ന്നവരെ അവന്‍ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.

4 അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്കൊക്കെയും പേര്‍ വിളിക്കുന്നു.

5 നമ്മുടെ കര്‍ത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്‍റെ വിവേകത്തിന് അന്തമില്ല.

6 യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നു; അവന്‍ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.

7 സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിന്‍; കിന്നരത്തോടെ നമ്മുടെ ദൈവത്തിനു കീര്‍ത്തനം ചെയ്‍വിന്‍;

8 അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു. ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.

9 അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അതതിന്‍റെ ആഹാരം കൊടുക്കുന്നു.

10 അശ്വബലത്തിൽ അവന് ഇഷ്ടം തോന്നുന്നില്ല; പുരുഷന്‍റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.

11 തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.

12 യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്‍റെ ദൈവത്തെ സ്തുതിക്ക.

13 അവന്‍ നിന്‍റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്‍റെ അകത്തു നിന്‍റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.

14 അവന്‍ നിന്‍റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.

15 അവന്‍ തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവന്‍റെ വചനം അതിവേഗം ഓടുന്നു.

16 അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.

17 അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്‍റെ കുളിര്‍ സഹിച്ചു നില്ക്കുന്നവന്‍ ആര്‍?

18 അവന്‍ തന്‍റെ വചനം അയച്ച് അവയെ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.

19 അവന്‍ യാക്കോബിന് തന്‍റെ വചനവും യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.

20 അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്‍റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിന്‍.

  • Psalms 146 — previous chapter
  • Psalms 148 — next chapter
  • Psalms 147 — English (KJV)
  • Psalms 147 — English (WEB)
  • Psalms 147 — Tamil (தமிழ்)
  • Psalms 147 — Hindi (हिंदी)
  • Psalms 147 — Kannada (ಕನ್ನಡ)